ഹരിപ്പാട്: നിക്ഷേപ വഞ്ചിയിലെ തുക ദുരിതാശ്വാസനിധിയിലേക്ക് കൈമാറി സഹോദരങ്ങൾ, ഹരിപ്പാട് പിലാപുഴ ചിറക്ക വടക്കതിൽ സജിത് കുമാർ- രഞ്ചു ദമ്പതികളുടെ മക്കളായ കാർത്തിക്, റിത്തിക്ക് എന്നിവരാണ് തങ്ങളുടെ സമ്പാദ്യ കുടുക്കയിലെ തുക ഹരിപ്പാട് പൊലീസ് വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയത്. കഴിഞ്ഞദിവസം പത്രത്തിൽ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറുന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെയാണ് കുട്ടികൾക്ക് തങ്ങളുടെ സമ്പാദ്യവും ഈ രീതിയിൽ നൽകണമെന്ന ആഗ്രഹം ഉണ്ടായത്. രക്ഷകർത്താക്കൾ ഉടൻതന്നെ ഹരിപ്പാട് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും തുടർന്ന് ഹരിപ്പാട് എസ് ഐ അജിത്ത് കുമാർ വീട്ടിലെത്തി കുട്ടികളിൽ നിന്നും തുക ഏറ്റുവാങ്ങി. കാർത്തിക്കിന്റെ വഞ്ചിയിൽ 913 രൂപയും റിത്തിക്കിന്റെത് 782 രൂപ യും ചേർത്ത് 1695 രൂപയാണ് ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയത്. കാർത്തിക്കും റിത്തിക്കും ഹരിപ്പാട് ഗവൺമെന്റ് യുപി എസിലെ നാല്, യു. കെ ജി ക്ലാസുകളിലെ വിദ്യാർത്ഥികൾ ആണ്. ഇവരുടെ പിതാവ് സജിത്ത് കുമാർ ഓട്ടോ ഡ്രൈവർ ആണ്. സജിത്തിന്റെ ഓട്ടോ 2018ലെ വെള്ളപ്പൊക്കത്തിൽ പൂർണമായും നശിച്ചിരുന്നു. അഞ്ചു,സബീന, വിനോദ് ശ്യാം എന്നീ പൊലീസുദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.