പൂച്ചാക്കൽ: കാലപ്പഴക്കം കൊണ്ട് ചുവട് ഭാഗം ദ്രവിച്ചും തടിയിൽ പോടുകൾ വീണും തണൽമരം യാത്രക്കാർക്ക് ഭീഷണിയാകുന്നു. അരൂക്കുറ്റി എം.എൽ.എ റോഡിലെ തളിയാപറമ്പ് റേഷൻ കടയ്ക്ക് സമീപം നിൽക്കുന്ന കൂറ്റൻ മരമാണ് നാട്ടുകാർക്ക് ആശങ്കയുണ്ടാക്കുന്നത്. കാറ്റിൽ ശിഖരങ്ങൾ ഒടിഞ്ഞു വീഴുന്നുണ്ട്. റോഡിലേക്ക് ചരിഞ്ഞാണ് നിൽപ്പ്. കഴിഞ്ഞ ദിവസം റേഷൻ വാങ്ങാനെത്തിയ വൃദ്ധന്റെ തലയിൽ മരച്ചില്ല വീണ് പരിക്കേറ്റിരുന്നു. മരം വെട്ടിമാറ്റണമെന്ന് ആവശ്യപ്പെട്ടു പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് റേഷൻ കടയുടമ ദീപു പറഞ്ഞു. രണ്ട് ദിവസം മുമ്പാണ് ഈ റൂട്ടിലെ പുതിയപാലത്തിന് സമീപം സ്കൂട്ടർ യാത്രികനായ ഗൃഹനാഥൻ പുളിമരക്കൊമ്പ് ഒടിഞ്ഞു വീണ് മരിച്ചത്.