tv-r
പട്ടണക്കാടിന് 1,000 ഫലവൃക്ഷത്തൈ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം കുത്തിയതോട് സി.ഐ എസ്.വി.സൈജുവിന് വൃക്ഷത്തൈ നൽകി ബ്ലോക്ക് പഞ്ചായത്തംഗം എൻ.സജി നിർവഹിക്കുന്നു

തുറവൂർ: പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ 1,000 ഫലവൃക്ഷ തൈകൾ നട്ടുവളർത്തുന്ന പദ്ധതിക്ക് തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ.സജിയുടെ നേതൃത്വത്തിലാണ് പരിസ്ഥിതി ദിനത്തിൽ പദ്ധതി ആരംഭിച്ചത്. രണ്ടു ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തിൽ 500 ഒട്ടുമാവുകളും 500 ഒട്ടു പ്ലാവുകളുമാണ് വിതരണം ചെയ്യുന്നത്. തൃശൂർ മണ്ണൂത്തിയിലെ നഴ്സറിയിൽ നിന്നെത്തിച്ച തൈകൾ പൊലീസ് സ്റ്റേഷനുകൾ, പഞ്ചായത്ത് ഓഫീസുകൾ, സ്കൂളുകൾ, പാതയോരങ്ങൾ, പൊതുസ്ഥലങ്ങൾ, ക്ഷേത്രങ്ങൾ, പളളികൾ എന്നിവിടങ്ങളിലാണ് നട്ടു പിടിപ്പിക്കുന്നത്. കുത്തിയതോട് സി.ഐ എസ്.വി.സൈജുവിന് പ്ലാവിൻ തൈ നൽകി എൻ. സജി ഉദ്ഘാടനം ചെയ്തു. പി.ആർ.ഒ.സതീഷ്, പട്ടണക്കാട് ബ്ലോക്ക് ജോയിൻ്റ് ബി.ഡി.ഒ. മധു തുടങ്ങിയവർ പങ്കെടുത്തു. തുറവൂർ ടി.ഡി ക്ഷേത്രത്തിൽ നടാനുള്ള ഫലവൃക്ഷത്തൈ ദേവസ്വം പ്രസിഡൻ്റ് എച്ച്. പ്രേംകുമാറിനും കരുമാഞ്ചേരി പള്ളിയിൽ ഫാ. സെബാസ്റ്റ്യൻ അറോജിനും പട്ടണക്കാട് പൊലീസ് സ്റ്റേഷനിൽ സി.ഐ ആർ.എസ്.ബിജുവിനും കൈമാറി.