അമ്പലപ്പുഴ: വ്യത്യസ്തമായ ചലഞ്ചിനു തുടക്കം കുറിച്ചുകൊണ്ട് ആലപ്പുഴ ഗവ. ദന്തൽ കോളേജ് വിദ്യാർത്ഥികൾ പരിസ്ഥിതി ദിനം ആചരിച്ചു. ജ്വാല സ്റ്റുഡന്റ്സ് യൂണിയന്റെയും എസ്.എഫ്.ഐ ദന്തൽ കോളേജ് യൂണിറ്റിന്റെയും നേതൃത്വത്തിൽ സീഡ് ദ സ്മൈൽ എന്ന പേരിൽ കഴിഞ്ഞ മൂന്നിനാണ് ചലഞ്ഞ് ആരംഭിച്ചത്. ഒരാൾ ഒരു ചെടി നടുമ്പോൾ, യൂണിയൻ 10 രൂപ കൊവിഡ് ബുദ്ധിമുട്ടനുഭവിക്കുന്ന ഒരു കുടുംബത്തിനു കൈത്താങ്ങായി നൽകും. എച്ച്. സലാം എം.എൽ.എ, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹാരീസ്, എസ്.എഫ്.ഐ ഏരിയ കമ്മിറ്റി അംഗം ഹരികൃഷ്ണൻ, ആലപ്പുഴ ദന്തൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ബിന്ദു, ഓർത്തോഡോന്റിക്സ് വിഭാഗം മേധാവി ഡോ. കോശി ഫിലിപ്പ്, അസി. പ്രൊഫസർ ഡോ മുകുന്ദൻ എന്നിവർ ചേർന്ന് ചലഞ്ച് ഉദ്ഘാടനം ചെയ്തു. തുടർന്ന് 240 ഓളം ചെടികൾ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് നടുകയും അതിൽ നിന്ന് സമാഹരിച്ച് 3000 രൂപയ്ക്ക് കോളേജിനു സമീപം താമസിക്കുന്ന നിർദ്ധനരായ ഒരു കുടുംബത്തിന് ഒരു മാസത്തേക്ക് ആവശ്യമുള്ള ഭക്ഷ്യ വസ്തുക്കളും മറ്റും വാങ്ങി നൽകുകയും ചെയ്തു.