ചേർത്തല: വിദ്യാർത്ഥികൾക്ക് പാഠങ്ങൾ ഓൺലൈനായി പകർന്നു നൽകുന്നതിന് കാവുങ്കൽ എന്റെ ഗ്രാമം കൂട്ടായ്മയുടെ 'അക്ഷരമിത്രം' പഠന സഹായ പദ്ധതിക്ക് തുടക്കമായി. പഠന പ്രോത്സാഹനമായി ഒരു വർഷത്തേക്കുള്ള ഇന്റർനെറ്റ് മൊബൈൽ ഡാറ്റയാണ് കൂട്ടായ്മ കുട്ടികൾക്കായി നൽകുന്നത്.
കാവുങ്കൽ ഗ്രാമാതിർത്തിയിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ ഒന്നു മുതൽ ബിരുദാനന്തര തലം വരെയും സാങ്കേതിക വിദ്യാഭ്യാസം ചെയ്യുന്നവരുമുൾപ്പെടുന്ന 30 ഓളം വിദ്യാർത്ഥികൾക്കാണ് പഠന സഹായമായി 2021-22 അദ്ധ്യയന വർഷം മുഴുവൻ മൊബൈൽ ഡാറ്റ എത്തിക്കുന്നത്. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ടി.വി.അജിത് കുമാർ മൊബൈൽ ഡാറ്റ ചാർജ്ജ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. കൂട്ടായ്മയുടെ ചെയർമാർ പി.എസ്.സന്തോഷ് കുമാർ, രക്ഷാധികാരി ടി.സജി തകിടിയിൽ, ഗ്രൂപ്പ് അഡ്മിനും ചീഫ് കോ-ഓർഡിനേറ്ററുമായ എം.എസ്.ജോഷി, എസ്.സുരേഷ് തറയിൽ എന്നിവർ പങ്കെടുത്തു.