ambala
പുന്നപ്ര വടക്ക് പഞ്ചായത്ത് പതിനാലാം വാർഡ് വെളിംപറമ്പ് വീട്ടിൽ തങ്കമ്മയുടെ സംസ്കാരത്തിനായി ഫയർഫോഴ്സ് നേതൃത്വത്തിൽ പറമ്പിലെ വെള്ളം വറ്റിക്കുന്നു

അമ്പലപ്പുഴ: വീടും പരിസരവും വെള്ളത്തിലായതിനാൽ അമ്മയുടെ സംസ്കാര ചടങ്ങുകൾ നടത്താനാവാതെ വിഷമിച്ച മക്കൾക്ക് കൈത്താങ്ങായത് ഫയർഫോഴ്സ് സംഘം.

പുന്നപ്ര വടക്ക് പഞ്ചായത്ത് പതിനാലാം വാർഡിലെ വെളിംപറമ്പ് വീട്ടിൽ തങ്കമ്മയുടെ (87) സംസ്കാര ചടങ്ങുകളാണ് ഫയർഫോഴ്സിന്റെ
നേതൃത്വത്തിൽ പരമ്പിലെ വെള്ളം വറ്റിച്ച ശേഷം നടത്തിയത്. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ശനിയാഴ്ച രാത്രി എട്ടിനാണ് തങ്കമ്മ മരിച്ചത്. തുടർച്ചയായ മഴയെ തുടർന്ന് വീടും നാല് സെന്റ് പുരയിടവും വെള്ളക്കെട്ടിലായയി. മക്കളായ സോമനും പൊടിയനും സംസ്കാര ചടങ്ങുകൾ എവിടെ നടത്തണമെന്ന് ആശങ്കപ്പെട്ടു നിൽക്കവേ അയൽവാസിയും കളക്ടറേറ്റ് കൺട്രോൾ റൂമിലെ ഫയർ ആൻഡ് റെസ്ക്യു ഓഫീസറുമായ രാഗേഷ് ഇന്നലെ രാവിലെ ആലപ്പുഴ ഫയർഫോഴ്സ് ഓഫീസിൽ വിവരമറിയിച്ചത്.

തുടർന്ന് ഫയർഫോഴ്സെത്തി പോർട്ടബിൾ പമ്പ് ഉപയോഗിച്ച് 100 മീറ്റർ അകലെയുള്ള പാടത്തേക്ക് വെള്ളം പമ്പ് ചെയ്തു. 11 മണിയോടെ പൂർണ്ണമായും വെള്ളക്കെട്ട് ഒഴിവായി. തുടർന്നാണ് മരണാനന്തര ചടങ്ങ് നടത്തിയത്. ആറ് മാസമായി കിടപ്പ് രോഗിയായിരുന്നു തങ്കമ്മ. ചെറിയ മഴയിൽപ്പോലും വീട്ടിലും പറമ്പിലും വെള്ളം കയറുന്ന അവസ്ഥയാണ്.

ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ആർ.ജയസിംഹന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യു ഓഫീസറായ പി.പ്രശോഭ് കുമാർ, ഡ്രൈവർമാരായ എ.ഡി.പ്രിയധരൻ, രാജേഷ്മോൻ എന്നിവരുടെ നേതൃത്വത്തിലാണ് വെള്ളം വറ്റിച്ചത്.