മാവേലിക്കര: തെക്കേക്കര, ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തുകളിൽ കൊവിഡ് ഡൊമിസിലിയറി കെയർ സെന്ററുകൾ തുറന്നു. ചെട്ടികുളങ്ങരയിൽ ഓലകെട്ടിയമ്പലം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി ഇടവക വിട്ടുനൽകിയ ഓഡി​റ്റോറിയത്തിൽ സജ്ജീകരിച്ച ഡി.സി.സിയുടെ ഉദ്ഘാടനം എ.എം ആരിഫ് എം.പി നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.സുധാകരക്കുറുപ്പ് അദ്ധ്യക്ഷനായി.
50 പേർക്ക് താമസിക്കാൻ സൗകര്യമുള്ള ഡി.സി.സി 19 ലക്ഷം ചെലവഴിച്ചാണ് പഞ്ചായത്ത് നിർമ്മിച്ചത്. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് ഡി.സി.സിക്ക് ആവശ്യമായ സാമഗ്രികൾ നൽകി. രോഗികൾക്കാവശ്യമായ ഭക്ഷണം ജനകീയ ഹോട്ടലിൽ നിന്നാണ് ക്രമീകരിക്കുന്നത്. തെക്കേക്കരയിൽ കുറത്തികാട് പഞ്ചായത്ത് കമ്മ്യൂണി​റ്റി ഹാളിൽ സജ്ജീകരിച്ച ഡി.സി.സിയും ഓക്സിപാർലറും എം.എസ്. അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ.കെ.മോഹൻകുമാർ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് മിനി ദേവരാജൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ദാസ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷൻ വി.രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്തംഗം ജി.ആതിര, പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ പി.അജിത്ത്, ജയശ്രീ ശിവരാമൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അഡ്വ.ആർ.ശ്രീനാഥ്, ആർ.അജയൻ, പൊന്നേഴ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.ജി.അജയകുമാർ, പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ടി.വിശ്വനാഥൻ, ഗീത മുരളി എന്നിവർ പങ്കെടുത്തു.

30 ലക്ഷത്തിലേറെ ചെലവിട്ട് ഇരുനിലകളിലായി ക്രമീകരിച്ചിരിക്കുന്ന ഡി.സി.സിയിൽ 50 കിടക്കകളുണ്ട്. ബ്ലോക്ക് പഞ്ചായത്ത് നൽകിയ സാമഗ്രികൾ പ്രസിഡന്റ് ഇന്ദിരാ ദാസ് പഞ്ചായത്ത് പ്രസിഡന്റ് ഡോ.കെ.മോഹൻകുമാറിന് കൈമാറി. പഞ്ചായത്തിന്റെ രണ്ട് ജനകീയ ഹോട്ടലുകളിൽ നിന്നായി ഡി.സി.സിയിലേക്കു ഭക്ഷണമെത്തിക്കും.