ചേർത്തല: തന്നെ നേരിൽ കാണണമെന്ന ഓമനയുടെ ആഗ്രഹം പൂർത്തീകരിച്ച് കൃഷിമന്ത്രി പി. പ്രസാദ്. വേമ്പനാട്ടു കായലിൽ ഒഴുകി നടക്കുന്ന കൃഷിത്തോട്ടങ്ങളുടെ ഉദ്ഘാടനത്തിനു ശേഷം ഇന്നലെ രാവിലെ 11 മണിയോടെ, പാർട്ടി പ്രവർത്തകന്റെ ബൈക്കിനു പിന്നിലിരുന്നാണ് തണ്ണീർമുക്കം പഞ്ചായത്ത് 9-ാം വാർഡ് കരിയിൽ പരേതനായ പത്മനാഭന്റെ ഭാര്യ ഓമനയെ കാണാനും അനുഗ്രഹം തേടാനും മന്ത്രി എത്തിയത്.

തിരഞ്ഞെടുപ്പ് കാലത്തും അതിന് ശേഷവും പി. പ്രസാദിനെ ഓമന ഫോണിൽ വിളിക്കുമായിരുന്നു. മകനോടെന്നപോലെ പ്രസാദിന് സ്നേഹം ചൊരിയുന്ന ഓമന, അദ്ദേഹം മന്ത്രിയായ ശേഷം നേരിൽ കാണണമെന്ന് ആഗ്രഹിച്ചിരുന്നു. പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിലെ എസ്.ഐയും മകനുമായ രാജേന്ദ്രനോട് ഇക്കാര്യം പറയുമായിരുന്നു. വിവരം പാർട്ടി പ്രവർത്തകരിലൂടെ മന്ത്രിയുടെ ചെവിയിലുമെത്തി. ഇതിനിടെയാണ് ഇന്നലെ ഓമനയുടെ വീടിനു സമീപത്തു സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുക്കാൻ മന്ത്രിയെത്തിയത്. ഉദ്ഘാടന ശേഷം കാറിൽ മടങ്ങവേയാണ് ഓമനയെ സന്ദർശിക്കുന്ന കാര്യം മന്ത്രി ഓർത്തത്. തുടർന്ന് ഔദ്യോഗിക വാഹനത്തിൽ നിന്നിറങ്ങി ബൈക്കിൽ വീട്ടിലെത്തുകയായിരുന്നു.