വേമ്പനാട്ട് കായലിൽ പോളപ്പായൽ തിങ്ങിനിറയുന്നു

ആലപ്പുഴ: കൊവി​ഡ് വ്യാപനത്തി​ന് ശമനമാകുന്നതോടെ വേമ്പനാട്ടുകായലി​ലെ ബോട്ടുയാത്ര ആരംഭി​ക്കാം. കൊവി​ഡി​നേക്കാൾ വലി​യ വി​ല്ലനായി​ വന്നി​രി​ക്കുകയാണ് കായലി​ൽ തി​ങ്ങി​വളരുന്ന പോളപ്പായൽ. ജലഗതാഗതം ഏറെ ദുഷ്കരമാക്കും പോളപ്പായൽ എന്നതാണ് സ്ഥി​തി​.

ബോട്ട് സർവീസ് നടക്കുന്ന ആലപ്പുഴ, മുഹമ്മ, പെരുമ്പളം, വൈക്കം തുടങ്ങിയ ഫെറികളിലും ജലപാതകളിലും ജലഗതാഗതം പ്രശ്നമാകും.

വേമ്പനാട്ട് കായലിന് പുറമേ ഇടത്തോടുകളിലും പോളപായൽ നിറഞ്ഞി​ട്ടുണ്ട്. ഇത് മത്സ്യബന്ധനത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇതോടെ മത്സ്യത്തൊഴിലാളി കുടുംബങ്ങളി​ൽ ദുരിതമൊഴി​യാത്ത സ്ഥി​തി​യുണ്ടാകും. ലോക്ക്ഡൗണിനെ തുടർന്ന് ഭൂരിഭാഗം ഫെറികളിലും നാമമാത്ര സർവീസാണ് നടത്തുന്നത്. കൊവിഡ് വ്യാപനത്തിനു ശമനം വന്നതിനാൽ അധി​കം താമസി​യാതെ ബോട്ട് സർവീസ് ആരംഭിക്കും. പോളപ്പായൽ കായലിൽ രൂക്ഷമായതിനാൽ ജലഗതാഗതം ദുഷ്‌കരമാകുമെന്ന് ആലപ്പുഴ സ്റ്റേഷൻ അധികൃതർ പറയുന്നു. ബോട്ടുകൾക്കു സർവീസ് പൂർത്തിയാക്കാൻ കൂടുതൽ സമയം വേണ്ടി വരും. പോളപായലും പുല്ലും ബോട്ടുകളുടെ പ്രൊപ്പല്ലറിൽ കുടുങ്ങി യന്ത്രത്തകരാറുമുണ്ടാകും. മഴ കനത്തു കായൽ ജലത്തിൽ ലവണാംശം കുറഞ്ഞതിനാൽ പായൽ ചീഞ്ഞളിയുന്നില്ല. കുട്ടനാട്ടിലേയും അപ്പർകുട്ടനാട്ടിലെയും നെൽകൃഷി കഴിഞ്ഞതിനെത്തുടർന്ന് തണ്ണീർമുക്കം ബണ്ടും സ്പിൽവേയും ഓരുമുട്ടുകളും തുറന്നതോടെ ഉൾപ്രദേശത്തെ ഇടയാറുകളിലും പാടശേഖരവുമായി ബന്ധപ്പെട്ട ജലാശയങ്ങളും കായലിലേക്കു ഒഴുകിയെത്തുകയാണ്.

............

വലയും ഉൗന്നി​ക്കുറ്റി​യും നശി​ക്കുന്നു

മത്സ്യ, കക്ക തൊഴിലാളികൾക്കു ചെറുവള്ളങ്ങളിൽ കായലിലെത്തി പണിയെടുക്കുന്നതിനു കഴിയാത്ത സ്ഥിതിയാണ്. ഏറെ കഷ്ടപ്പെട്ട് കായലിൽ എത്തുന്ന മത്സ്യത്തൊഴിലാളികളുടെ വലകളിൽ പോളപ്പായലും പുല്ലും കുടുങ്ങി വലകൾക്കു കാര്യമായ കേടുപാടുകൾ സംഭവിക്കുന്ന അവസ്ഥയുണ്ട്. വേമ്പനാട്ടു കായലിന്റെ പലഭാഗത്തായി മത്സ്യത്തൊഴിലാളികൾ ഊന്നിവല കെട്ടാനായി കായലിനു കുറുകെ നാട്ടിയിരിക്കുന്ന നീളമേറിയ അടയ്ക്കാമരങ്ങൾ പോളയും പായലും പുല്ലും അടിഞ്ഞു ഒടിഞ്ഞു നശിക്കുകയാണ്. വൻതുക വിനിയോഗിച്ചു നിരവധി തൊഴിലാളികളുടെ അദ്ധ്വാന ഫലമായി കായലിൽ താഴ്ത്തിയിരിക്കുന്ന ഊന്നിക്കുറ്റികളുടെ നാശം മത്സ്യതൊഴിലാളികൾക്കു കനത്ത പ്രഹരമാകുകയാണ്.

................................

മഴ നീങ്ങി കായലിൽ ഉപ്പുവെള്ളത്തിന്റെ തോത് ഉയർന്നാൽ മാത്രമേ പോളപായൽ ചീഞ്ഞുതാഴൂ. ഇപ്പോഴത്തെ സ്ഥിതിയിൽ ഏതാനും മാസങ്ങൾ ഈ പ്രതിസന്ധി തുടരാനാണ് സാദ്ധ്യത.

ബാബു, മത്സ്യത്തൊഴിലാളി​

................................................

പോളപ്പായൽ കായലിൽ രൂക്ഷമായതിനാൽ ജലഗതാഗതം ദുഷ്‌കരമാകുമെന്ന് ആലപ്പുഴ സ്റ്റേഷൻ അധികൃതർ പറയുന്നു. ബോട്ടുകൾക്കു സർവീസ് പൂർത്തിയാക്കാൻ കൂടുതൽ സമയം വേണ്ടി വരും. പോളപായലും പുല്ലും ബോട്ടുകളുടെ പ്രൊപ്പല്ലറിൽ കുടുങ്ങി യന്ത്രത്തകരാറുമുണ്ടാകും. മഴ കനത്തു കായൽ ജലത്തിൽ ലവണാംശം കുറഞ്ഞതിനാൽ പായൽ ചീഞ്ഞളിയുന്നില്ല.

ആലപ്പുഴ സ്റ്റേഷൻ അധികൃതർ, ജലഗതാഗതം

........................................