vellapally

ചേർത്തല: തിരഞ്ഞെടുപ്പിൽ എല്ലാവരും കുഴൽപണം കൊണ്ടുവരുമെന്നും ബി.ജെ.പിക്കാർ മണ്ടൻമാർ ആയതുകൊണ്ടാണ് പൊലീസ് പിടികൂടിയതെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ചേർത്തല യൂണിയനിലെ ശ്രീകണ്ഠേശ്വരം 544-ാം നമ്പർ ശാഖയിൽ ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ ഇത്തരത്തിൽ പണം കൊണ്ടുവരാറുണ്ട്. പിടിച്ചാൽ കുഴൽപണം. അല്ലെങ്കിൽ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് വിനിയോഗിക്കുന്നു. ന്യൂനപക്ഷ സ്കോളർഷിപ്പ് വിവാദത്തിൽ ഐ.എൻ.എൽ മുഖ്യമന്ത്രിയെ പോലും കടത്തിവെട്ടിയാണ് അഭിപ്രായം പറയുന്നത്. പിണറായി നൽകിയ ഔദാര്യം ആണ് അവർക്കുള്ള മന്ത്റി സ്ഥാനം. കേരളത്തിൽ പ്രതിപക്ഷമില്ല. ഉമ്മൻചാണ്ടിയുടെ കാലം കഴിഞ്ഞു. രമേശ് ചെന്നിത്തല നിരാശ കയറി ആത്മഹത്യാവരമ്പിലാണ്. വി.ഡി.സതീശൻ പറച്ചിലിൽ ബഹു കേമനാണ്. നിയമസഭയിൽ തിളങ്ങും, പക്ഷേ പുറത്ത് പ്രവർത്തനത്തിൽ വട്ടപ്പൂജ്യം. കുറുക്കു വഴിയിലൂടെയാണ് നേതൃത്വത്തിൽ കയറിക്കൂടിയത്. സുധാകരനെ കെ.പി.സി.സി പ്രസിഡന്റാക്കിയാൽ 16 ദിവസത്തിനുള്ളിൽ പാർട്ടിയെ 16 കഷ്ണങ്ങളാക്കും - വെള്ളാപ്പള്ളി പറഞ്ഞു.

യൂണിയൻ പ്രസിഡന്റ് കെ.വി.സാബുലാൽ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ അനുഗ്രഹ പ്രഭാഷണവും യോഗം കൗൺസിലർ പി.ടി.മന്മഥൻ മുഖ്യപ്രഭാഷണവും യൂണിയൻ സെക്രട്ടറി വി.എൻ.ബാബു പദ്ധതി വിശദീകരണവും നടത്തി.