df


ആലപ്പുഴ: കൊവിഡ് രോഗികളുടെ മൃതദേഹമുൾപ്പെടെ സംസ്‌കരിക്കാൻ അടിയന്തരമായി വലിയ ചുടുകാട്ടിൽ സജ്ജമാക്കിയ ഗ്യാസ് ക്രിമറ്റോറിയത്തിലെ ട്രോളിക്കുണ്ടായ തകരാർ മൂലം പ്രവർത്തനം അഞ്ച് ദിവസത്തേക്ക് അടച്ചു.

പ്രതിദിനം മോട്ടോറിന്റെ കപ്പാസിറ്റിയേക്കാൾ കൂടുതൽ മൃതദേഹങ്ങൾ കത്തിക്കുന്നതിനാൽ ട്രോളിക്കുണ്ടായ തകരാറിന്റെ അറ്റകുറ്റപ്പണിക്കായിട്ടാണ് അടച്ചതെന്ന് അധികൃതർ വിശദീകരിക്കുന്നു. ഏതാനും മാസം മുമ്പ് മോട്ടോറും പുകക്കുഴലും തകർന്നതിനാൽ പ്രവർത്തനരഹിമായിരുന്നു ക്രിമറ്റോറിയം. കൊവിഡ് രോഗികളുടെ സംസ്കാരം നടത്തേണ്ടതായി വന്നതിനാൽ പിന്നീട് ജില്ലാ ഭരണകൂടത്തിന്റെ നിർദേശപ്രകാരമാണ് ചാത്തനാട്ടും വലിയചുടുകാട്ടും ഗ്യാസ് ക്രിമറ്റോറിയങ്ങൾ നഗരസഭ പ്രവർത്തന സജ്ജമാക്കിയത്.

ആറ് മാസത്തിനുള്ളിൽ ഇരുന്നൂറോളം കൊവിഡ് രോഗികളുടെ മാത്രം സംസ്‌കാരം വലിയചുടുകാട്ടിലും ചാത്തനാട്ടുമായി നടന്നു. പ്രതിദിനം മൂന്ന് പേരുടെ സംസ്‌കാരം നടത്താൻ കപ്പാസിറ്റിയുള്ള വലിയചുടുകാട്ടിലെ മോട്ടോർ ആണ് ഗ്യാസ് ക്രിമറ്റോറിയത്തിലുള്ളത്. കൂടുതൽ സംസ്‌കാരം വന്നതോടെയാണ് മോട്ടോറിന്റെ കോയിൽ ഇടക്കിയ്ക്കിടെ കേടാകുന്നത്. സംസ്‌കാരത്തിനിടെ വൈദ്യുതി തകറാറിലായാൽ ജനറേറ്ററും ബാറ്ററിയും വേണം. മോട്ടോറിന്റെ അഭാവത്തിൽ ഹൈവോൾട്ട് ബാറ്ററി തകരാറിലായി. മൃതദേഹം സംസ്‌കരിച്ചു കൊണ്ടിരിക്കുമ്പോൾ വൈദ്യുതി പോയാൽ വീണ്ടും പെട്ടി ഇളക്കി വേണം സംസ്‌കരിക്കേണ്ടത്. കൊവിഡ് രോഗികളാണെങ്കിൽ ബുദ്ധിമുട്ടാകും. വലിയ ചുടുകാട്ടിലെ ക്രിമറ്റോറിയം അന്ന് പൂട്ടിയപ്പോൾ കൊവിഡ് രോഗികളുടെ സംസ്‌കാരം ചാത്തനാട്ടെ ക്രിമറ്റോറിയത്തിലാണ് നടത്തിയത്.

 അഞ്ച് ദിവസം വേണം

അറ്റകുറ്റപ്പണിക്ക് കുറഞ്ഞത് അഞ്ച് ദിവസം വേണം. ഈ ദിവസങ്ങളിൽ സംസ്കാരം നടത്തേണ്ടി വന്നാൽ പെട്ടിയിൽ ദഹനം നടത്താനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്. പരമ്പരാഗത സംസ്‌കാരം നടത്തുന്നതിനും സൗകര്യമുണ്ട്. ഗ്യാസ് ക്രിമറ്റോറിയം ഉണ്ടെങ്കിലും നഗരവാസികൾക്ക് പരമ്പരാഗത സംസ്‌കാര ചടങ്ങുകളോടാണ് ആഭിമുഖ്യം. ഗ്യാസ് ക്രിമറ്റോറിയത്തിനു സമീപം തന്നെ ചിതയൊരുക്കി പരമ്പരാഗത രീതിയിൽ ദഹിപ്പിക്കാനാണ് ബന്ധുക്കൾക്ക് താത്പര്യം.

...............................

നഗരസഭയിലെ വലിയ ചുടുകാട് പൊതു ശ്മശാനത്തിൽ ഗ്യാസ് ക്രിമറ്റോറിയത്തിന് അടിയന്തര അറ്റകുറ്റപ്പണികൾ ആവശ്യമായതിനാൽ ഗ്യാസ് ഉപയോഗിച്ചുള്ള സംസ്‌കാരം അഞ്ച് ദിവസത്തേക്കു നിറുത്തി വച്ചു. ശ്മശാനത്തിൽ സംസ്കാരത്തിന് ബദൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്

സൗമ്യ രാജ്, ചെയർപേഴ്സൺ, നഗരസഭ ആലപ്പുഴ