അമ്പലപ്പുഴ : തോട്ടപ്പള്ളി കന്നിട്ടക്കടവ് ഭാഗത്ത് എ.സി കനാലിൽ നിന്നും മോട്ടോർപമ്പ് ഉപയോഗിച്ച് ആറ്റ് മണൽ സമീപത്തുള്ള പുരയിടത്തിലേക്ക് അനധികൃതമായി കടത്തുന്നതിനിടെ രണ്ടു പേരെ അമ്പലപ്പുഴ പൊലീസ് പിടികൂടി. കഴിഞ്ഞ രാത്രി 12 ഓടെ അമ്പലപ്പുഴ ഡി.വൈ.എസ്.പി എസ്.ടി​. സുരേഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായി​രുന്നു റെയ്ഡ്. എസ്.എച്ച്.ഒ എം.ജി. വിനോദിന്റെ നേതൃത്വത്തിൽ എസ്.ഐ കെ.എച്ച്. ഹാഷിം ഉൾപ്പെടെയുള്ളവർ നടത്തിയ റെയ്ഡിലാണ് പുറക്കാട് പഞ്ചായത്ത് ആറാം വാർഡിൽ നാഗപറമ്പ് വീട്ടിൽ പൊന്നപ്പന്റെ മകൻ ശ്രീകുമാർ ( 55), പഞ്ചായത്ത് പതിമൂന്നാം വാർഡിൽ ഇല്ലിച്ചിറ യിൽ പുത്തൻങ്കേരിച്ചിറ വീട്ടിൽ ചന്ദ്രന്റെ മകൻ ബിനു എന്നു വിളിക്കുന്ന ദിനൂപ് (35) എന്നീ പ്രതികളെ പിടികൂടിയത്. മണൽ ശേഖരിക്കാൻ ഉപയോഗിച്ചു കൊണ്ടിരുന്ന മോട്ടോർ പമ്പും സ്ഥലത്ത് നിന്നും കസ്റ്റഡിയിൽ എടുത്തു. അമ്പലപ്പുഴ പൊലീസ് കേസെടുത്തു.