ചേർത്തല: പെട്രോൾ വില കേരളത്തിൽ നൂറൂ രൂപ കടന്നതിൽ പ്രതിഷേധിച്ച് ക്രിക്കറ്റ് കളിയിലൂടെ സെഞ്ച്വറി അടിച്ച് ഡി.വൈ.എഫ്.ഐയുടെ പ്രതീകാത്മക പ്രതിഷേധം ചേർത്തല സി.ഐയുടെ നേതൃത്വത്തിൽ സമരം തടയാനെത്തിയത് സംഘർഷത്തിന് കാരണമായി. പ്രവർത്തകർ തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇന്നലെ വൈകിട്ട് ആറുമണിയോടെ എക്സ് റേ കവലയ്ക്ക് സമീപത്തെ പൊട്രോൾ പമ്പിന് മുന്നിലാണ് ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചത്. സമരത്തെ പ്രതിരോധിക്കാൻ ചേർത്തല എസ്.ഐ ജിൻസൺ ഡൊമനിക്കിന്റെ നേതൃത്വത്തിൽ പൊലീസ് സംഘമെത്തി. ഡി.വൈ.എഫ്.ഐ പ്രവർത്തകർ സ്ഥാപിച്ച സ്റ്റമ്പ് എസ്.ഐയുടെ നേതൃത്വത്തിൽ ഉൗരിമാറ്റി. ഇതോടെ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. ഡി.വൈ.എഫ്.ഐയുടെ കൊടി എസ്.ഐ പിടിച്ചു വാങ്ങി നശിപ്പിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം സി.ശ്യാം കുമാർ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പ്രസിഡന്റ് എൻ.നവീൻ അദ്ധ്യക്ഷത വഹിച്ചു. ടി.എസ്.സനോജ്, അനൂപ് ചാക്കോ, ഷഫീക്ക്, വിമൽ മോഹൻ, അർജ്ജുൻ ഷാജി, എം.പി. അരുൺ എന്നിവർ പങ്കെടുത്തു.