ഹരിപ്പാട് : കെ.എസ്.ആർ.സി ഡിപ്പോയുടേയും ഷോപ്പിംഗ് കോപ്ലക്സിന്റേയും നിർമ്മാണം ഡിസംബറിനുള്ളിൽ പൂർത്തീകരിക്കാൻ തീരുമാനമായതായി രമേശ് ചെന്നിത്തല എം.എൽ.എ അറിയിച്ചു. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയിൽ നിയമസഭാമന്ദിരത്തിലെ കോൺഫറൻസ് ഹാളിൽ ചേർന്ന കെ.എസ്.ആർ.ടി ഉദ്യോഗസ്ഥരുടെ ഉന്നതതല മീറ്റിംഗിലാണ് തീരുമാനം. കഴിഞ്ഞ 5 വർഷമായി നിർമ്മാണ പ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങുകയാണ്. ഇലക്ട്രിക് വർക്കുകൾ, അഗ്നിരക്ഷാ ക്രമീകരണങ്ങൾ, സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് എന്നിവയാണ് ഇനി പൂർത്തീകരിക്കാനുള്ളത്. കരാറുകാരന് കൊടുത്തുതീർക്കാനുള്ള കുടിശ്ശിക അടക്കം ഏഴര കോടിയോളം രൂപ ഡിപ്പോയുടെ നിർമ്മാണം പൂർത്തീകരിക്കാൻ ഇനി ആവശ്യമുണ്ട്. ഈ തുക കെ.എസ്.ആർ.സി ഉചിതമായ വിഭവസമാഹണ മാർഗ്ഗത്തിലൂടെ കണ്ടെത്തി ലഭ്യമാക്കുമെന്ന് ഗതാഗതവകുപ്പ്മന്ത്രി അറിയിച്ചു. വെയിറ്റിംഗ് ഷെഡിന്റേയും, യാർഡിന്റേയും നിർമ്മാണത്തിന് 1 കോടി രൂപ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിക്കുമെന്ന് രമേശ് ചെന്നിത്തല മന്ത്രിയെ അറിയിച്ചു. ബസ് സ്റ്റാന്റിലേക്ക് പ്രവേശിക്കുന്ന റോഡിന്റെ ടാറിംഗ് അടിയന്തരമായി പൂർത്തീകരിക്കും.
ഷോപ്പിംഗ് കോപ്ലക്സിലെ മുറികൾ നിരവധി തവണ ലേലം ചെയ്‌തെങ്കിലും ഏറ്റെടുക്കാൻ ആരും മുന്നോട്ട് വരാത്ത സാഹചര്യത്തിൽ നിലവിലുള്ള ചെറിയ മുറികൾ പൊളിച്ച് വലിയ വിസ്തീർണ്ണമുള്ള മുറികളായി ക്രമീകരിക്കാനും തീരുമാനിച്ചു. ഇതിനായി പുതിയ പ്ലാൻ തയ്യാറാക്കും. ഗതാഗതവകുപ്പ് സെക്രട്ടറിയും കെ.എസ്.ആർടിസിയുടെ സി.എം.ഡിയുമായ ബിജു പ്രഭാകർ, ജനറൽ മാനേജർ (ടെക്നിക്കൽ) സന്തോഷ്, ഹരിപ്പാട് എ.ടി.ഒ തുടങ്ങിയവർ മീറ്റിംഗിൽ പങ്കെടുത്തു.