അമ്പലപ്പുഴ: ട്രോളിംഗ് നിരോധനം നിലവിൽ വരുന്നതിനാൽ, പുറം കടലിൽ മത്സ്യബന്ധനം നടത്തിയിരുന്ന ബോട്ടുകൾ ഇന്നു അർദ്ധരാത്രി മുതൽ തീരം അണയുന്നതോടെ തുടർന്നുള്ള ദിവസങ്ങളിൽ ചാകരക്കോള് പ്രതീക്ഷിക്കുകയാണ് ജില്ലയിലെ പരമ്പരാഗത മത്സ്യ ത്തൊഴിലാളികൾ.
ഒരാഴ്ചയായി നടുക്കടലിൽ മത്സ്യബന്ധനം നടത്തിയിരുന്ന ബോട്ടുകൾ കരയെത്താൻ ഫിഷറീസ് വകുപ്പും പൊലിസും അറിയിപ്പ് നൽകി. ബോട്ടുകൾ കടലിൽ പോകാത്ത നിരോധന കാലയളവിൽ തങ്ങൾ പിടിച്ചു കൊണ്ടുവരുന്ന മൽസ്യത്തിന് നല്ലവില കിട്ടുമെന്നാണ് വള്ളത്തിൽ മൽസ്യ ബന്ധനം നടത്തുന്ന തൊഴിലാളികളുടെ പ്രതീക്ഷ. 100 ഓളം തൊഴിലാളികൾ പണിയെടുക്കുന്ന കൂറ്റൻ ലൈലന്റ് മുതൽ ഒരാൾ മാത്രം കയറുന്ന പൊന്തുകൾ വരെ വിവിധ ഇനത്തിൽപ്പെട്ട വള്ളങ്ങളാണ് ജില്ലയുടെ തീരത്തു നിന്ന് മത്സ്യബന്ധനത്തിനായി പോകുന്നത്. വലിയ വള്ളങ്ങൾക്ക് ഒരു ദിവസം പതിനായിരം രൂപയോളം ഇന്ധന ചിലവിനത്തിൽ വരും. കൊവിഡ് വ്യാപനം തുടങ്ങിയ നാൾ മുതൽ കടുത്ത നിയന്ത്രണങ്ങൾ തീരമേഖലയിലും ഏർപ്പെടുത്തിയിരുന്നതിനാൽ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ തുച്ഛമായ ദിവസങ്ങളിൽ മാത്രമാണ് വള്ളങ്ങൾക്കു മത്സ്യബന്ധനം നടത്താനായത്.
അടിക്കടിയുണ്ടായ ഇന്ധന വിലക്കയറ്റവും മത്സ്യബന്ധന മേഖലയുടെ നട്ടെല്ലൊടിച്ചു. കരിഞ്ചന്തയിൽ നിന്ന് ഇരട്ടി വിലയ്ക്ക് പെട്രോളും മണ്ണെണ്ണയും വാങ്ങി എൻജിൻ പ്രവർത്തിപ്പിക്കേണ്ട ഗതികേടിലാണ് വള്ളമുടമകൾ. പല പ്രദേശങ്ങളിലും വള്ളവും വലയും എൻജിനുമടക്കം കടലാക്രമണത്തിൽ നശിച്ചു. ട്രോളിംഗ് നിരോധന കാലയളവിലെ ഒന്നര മാസത്തെ മീൻപിടിത്തമാണ് ഇവർക്ക് ഇനി ആകെയുള്ള പ്രതീക്ഷ . തോട്ടപ്പള്ളി, കരൂർ, വളഞ്ഞവഴി കുപ്പി മുക്ക്, പുന്നപ്ര ചള്ളി, പറവൂർ ഗലീലിയ എന്നിവടങ്ങളാണ് വള്ളങ്ങൾ അടുക്കുന്ന പ്രധാന ചന്തക്കടവുകൾ. പൊലിസിന്റെയും ഫിഷറീസ് ഉദ്യോഗസ്ഥരുടെയും നീയന്ത്രണത്തിലായിരിക്കും മത്സ്യലേലവും വില്പനയും.