മാവേലിക്ക: കോട്ടത്തോട്ടിൽ നടത്തിയിരിക്കുന്നത് അശാസ്ത്രീയ നിർമ്മാണമാണെന്ന് മാവേലിക്കര നഗരസഭ ചെയർമാൻ കെ.വി.ശ്രീകുമാർ പറഞ്ഞു. കോട്ടത്തോട്ടിലെ നീരൊഴുക്ക് തടസപ്പെട്ട സംഭവം പരിശോധിച്ച ശേഷം സംസാരിക്കുകയായിരുന്നു ചെയർമാൻ. കഴിഞ്ഞ നഗരസഭ ഭരണ സമിതിയുടെ കാലത്താണ് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നിരിക്കുന്നത്. ചില ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടായ വീഴ്ചയാണ് കോട്ടത്തോടിന്റെ നിലവിലെ അവസ്ഥയ്ക്ക് കാരണമായത്. ഇവർക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കും.

ആദ്യഘട്ടമെന്ന നിലയിൽ താത്കാലികമായി നീരൊഴുക്ക് പുന:സ്ഥാപിക്കുവാനായി മുൻസിപ്പൽ എൻജി​നീയറിംഗ് വിഭാഗവുമായി ചർച്ച നടത്തി മാൻ ഹോളുകൾ ഉൾപ്പടെ നിർമ്മിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. കോട്ടത്തോട്ടിലെ നീരൊഴുക്ക് തടസപ്പെടുന്ന അവസ്ഥയ്ക്ക് വരും ദിവസങ്ങളിൽ ശ്വാശ്വത പരിഹാരം ഉണ്ടാക്കും. മിൽക്ക് സൊസൈറ്റി മുതൽ മിച്ചൽ ജംഗ്ഷൻ വരെുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് നിലവിൽ പരിശോധിച്ചത്. മിച്ചൽ ജംഗ്ഷന് തെക്ക് ഭാഗത്തുള്ള നഗരസഭാ കെട്ടിടം പൊളിക്കുന്നത് സംബന്ധിച്ചും ജംഗ്ഷന് വടക്ക് കെട്ടിടം പൊളിച്ചഭാഗത്തുള്ള തുടർ പ്രവർത്തനങ്ങളുടേയും കാര്യത്തിൽ കൂടുതൽ ചർച്ചകൾക്ക് ശേഷം ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ചെയർമാൻ അറിയിച്ചു.

വൈസ് ചെയർപേഴ്സൺ ലളിത രവീന്ദ്രനാഥ്, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അനി വർഗീസ്, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ സജീവ് പ്രായിക്കര, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർപേഴ്സൺ ശാന്തി അജയൻ, കൗൺസിലർ തോമസ് മാത്യു, നഗരസഭ എൻജി​നീയറിംഗ്, ആരോഗ്യ വി​ഭാഗം ഉദ്യോഗസ്ഥർ എന്നിവരും ഒപ്പമുണ്ടായി​രുന്നു.