ജംഗ്ഷനിലും സ്പിൽവേയിലും ലൈറ്റുകൾ തെളിയുന്നില്ല
രാത്രിയിൽ മണൽകടത്തും ചാരായം കൈമാറ്റവും
ആലപ്പുഴ: തോട്ടപ്പള്ളി ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റും പാലത്തിലെ വഴിവിളക്കുകളും കണ്ണടച്ചിട്ട് മാസങ്ങൾ. പാലത്തിന് സമാന്തരമായി സ്ഥാപിച്ചിട്ടുള്ള നടപ്പാലത്തിൽ പുൽച്ചെടികളും വള്ളിപ്പുല്ലും നിറഞ്ഞതും കൂരിരുട്ടും കാൽനട യാത്രക്കാർക്കും ദുരിതമാവുന്നു.
രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധരുടെ താവളമാണ് പ്രദേശം. തോട്ടപ്പള്ളി ജംഗ്ഷന് കിഴക്ക് ഭാഗത്ത് ഡ്രഡ്ജ് ചെയ്തിട്ടിരിക്കുന്ന മണൽ ഇരുട്ടിന്റെ മറവിൽ വാഹനങ്ങളിൽ കടത്തുന്നതും പതിവാണ്. പകലും രാത്രിയിലും ഇഴജന്തുക്കളുടെ ശല്യംമൂലം നടപ്പാതയിലൂടെ സഞ്ചരിക്കാൻ കഴിയില്ല. വഴിവിളക്ക് തെളിയാത്ത വിവരം പലതവണ ഇറിഗേഷൻ വിഭാഗത്തേയും വൈദ്യുതി വകുപ്പിനെയും അറിയിച്ചിട്ടും നടപടി ഉണ്ടായില്ല. ഇരുട്ടിലാണ്ട പാലത്തിലും തോട്ടപ്പള്ളി ജംഗ്ഷനിലും വഴിവിളക്ക് സ്ഥാപിക്കാൻ മുൻ മന്ത്രി ജി.സുധാകരനാണ് മുൻകൈയെടുത്തത്. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് തോട്ടപ്പള്ളി ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. ഒന്നര വർഷം തികയും മുമ്പ് ലൈറ്റ് തകരാറിലായി.
തോട്ടപ്പള്ളി ലീഡിംഗ് ചാനൽ ആഴം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഡ്രഡ്ജ് ചെയ്ത മണലാണ് കിഴക്കുഭാഗത്ത് കൂട്ടിയിട്ടിരിക്കുന്നത്. മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ പാസ് ഇല്ലാതെയാണ് രാത്രികാലങ്ങളിൽ വാഹനങ്ങളിൽ ഈ മണൽ കടത്തുന്നത്. ഇതിന് പൊലീസും ഇറിഗേഷൻ അധികൃതരും ഒത്താശ ചെയ്യുന്നുണ്ടെന്നും പരാതിയുണ്ട്. ലൈറ്റിന്റെ അറ്റകുറ്റപ്പണി നടത്താതിരിക്കാൻ കാരണം മണൽകടത്ത് സംഘമാണെന്നും ആക്ഷേപമുണ്ട്. തോട്ടപ്പള്ളി ജംഗ്ഷനിൽ നിന്ന് മണൽലോറികൾ ദേശീയപാതയിലേക്ക് കടക്കുമ്പോൾ ഇരുട്ടു മൂലം അപകടങ്ങളും ഉണ്ടാവാറുണ്ട്.
മാലിന്യ നിക്ഷേപവും
പാലം ഇരുട്ടിലായതിനാൽ രാത്രികാലങ്ങളിൽ പാലത്തിൽ അറവ് മാലിന്യം നിക്ഷേപിക്കുന്നതും പതിവാണ്. ഇതിന് പുറമേ പീലിംഗ് ഷെഡുകളിൽ നിന്നുള്ള മാലിന്യങ്ങൾ കായലിൽ തള്ളാനും പാലത്തിലെ ഇരുട്ട് സഹായകമാണ്. ഇതിന്റെ അവശിഷ്ടങ്ങൾ നടപ്പാതയിൽ വീണ് അഴുകിക്കിടക്കുന്നതിനാൽ വല്ലാത്ത ദുർഗന്ധവുമുണ്ട്. രാത്രിയിലെ വാറ്റു ചാരായ കൈമാറ്റത്തിന് സ്പിൽവേ പാലവും സമീപ പ്രദേശങ്ങളും കേന്ദ്രമാകുന്നുണ്ട്.
......................................
പാലത്തിലെ ലൈറ്റുകളും തോട്ടപ്പള്ളി ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റും തെളിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം. പാലത്തിലെ മാലിന്യ നിക്ഷേപത്തിനും തടയിടണം
തോട്ടപ്പള്ളി നിവാസികൾ