ആലപ്പുഴ : ഊണിനൊപ്പം മീൻകറി നിർബന്ധമാക്കിയവർ കരുതുക. ഇനി മീൻ വാങ്ങണമെങ്കിൽ പോക്കറ്റിൽ നിന്ന് കൂടുതൽ പണം മുടക്കേണ്ടി വരും. ട്രോളിംഗ് നിരോധനം നിലവിൽ വന്നതോടെ മീൻലഭ്യതയിൽ കുറവുണ്ടായതാണ് കാരണം. പരമ്പരാഗത തൊഴിലാളികൾ തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് പോകുന്നുണ്ടെങ്കിലും അവർക്ക് കാര്യമായ കോള് ലഭിക്കുന്നില്ല.വള്ളങ്ങൾക്ക് അയല, ചെറിയ വറ്റ, ചെറിയ ചൂര,ചെമ്മീൻ തുടങ്ങിയ ഇനങ്ങളാണ് കൂടുതലായി കിട്ടുന്നത്.
തമിഴ്നാട്ടിൽ നിന്നാണ് ജില്ലയിലേക്ക് കൂടുതൽ മീൻ എത്തുന്നത്. മീനിന്റെ ലഭ്യത കുറഞ്ഞതോടെ അന്യ സംസ്ഥാന ലോബികൾ വില ഉയർത്തി തുടങ്ങി. നിരന്തരം കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ് വന്നിരുന്നതിനാൽ ട്രോളിംഗ് നിരോധനം നിലവിൽ വരുന്നതിനു മുമ്പ് തന്നെ നല്ലൊരു ശതമാനം ബോട്ടുകൾ മത്സ്യബന്ധനത്തിന് പോകുന്നില്ലായിരുന്നു . ട്രോളിംഗ് നിരോധനം ആരംഭിച്ചതോടെ തോട്ടപ്പള്ളി, അർത്തുങ്കൽ ഹാർബറുകൾ പൂർണമായും അടച്ചു. ജില്ലയിൽ മത്സ്യലഭ്യത നിലച്ചതോടെ സമീപ ജില്ലകളായ പത്തനംതിട്ട, കോട്ടയം എന്നിവിടങ്ങളിലും മത്സ്യത്തിന് വില കുതിച്ചുയർന്നു.
കിലോഗ്രാമിന് വില (മീൻ, രണ്ട് ദിവസം മുമ്പുള്ള വില, ഇന്നലെ)
ചൂര വലുത്.........................230, 280
കേര.....................................450,550
വറ്റ.......................................520,600
മോത..................................600,700
കിളിമീൻ ഇടത്തരം .......... 200,230
പൊടിമീൻ...........................350,400
ചെമ്മീൻ.............................400,500