ഭിന്നശേഷി കുട്ടികൾക്കും ഓൺലൈൻ പഠനം
ആലപ്പുഴ: പുതിയ അദ്ധ്യയന വർഷവും ഓൺലൈൻ ക്ളാസുകൾ തന്നെ ആശ്രയമായതോടെ, ഭിന്നശേഷിക്കാരായ കുട്ടികളെക്കൂടി പഠനരംഗത്ത് സജീവമാക്കാൻ അവർക്കും ഓൺലൈൻ പഠനത്തിന് തുടക്കമായി. ബഡ്‌സ് സ്‌കൂൾ, ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്റർ അധികൃതരാണ് നേതൃത്വം വഹിക്കുന്നത്.
ജില്ലയിൽ ഇത്തരത്തിലുള്ള 20 സ്ഥാപനങ്ങളിലെ 649 കുട്ടികൾക്ക് ഇത്തവണ പ്രവേശനോത്സവവും ഉണ്ടായിരുന്നു. കുടുംബശ്രീമിഷന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സംയോജിത പദ്ധതിയായാണ് ബഡ്‌സ് സ്‌കൂളുകളും സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്. കഴിഞ്ഞവർഷം ചിലയിടങ്ങളിൽ ഓൺലൈൻ ക്ലാസുകൾ പരീക്ഷണാർത്ഥം നടത്തിയിരുന്നു, അതും അദ്ധ്യയനവർഷം തുടങ്ങി ഏറെക്കഴിഞ്ഞ്. എന്നാൽ ഇവർക്ക് തത്സമയ ക്ലാസുകൾ പ്രായോഗികമല്ല. അദ്ധ്യാപകർ തയ്യാറാക്കുന്ന വീഡിയോ ക്ലാസുകൾ യൂട്യൂബിൽ പോസ്റ്റ് ചെയ്യുകയും മാതാപിതാക്കളുടെ മൊബൈലിലേക്ക് അയച്ചു കൊടുക്കുകയും ചെയ്യും. മാതാപിതാക്കൾ ഈ വീഡിയോ കുട്ടികളെ കാണിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ വീട്ടിലിരുന്നു ചെയ്യേണ്ട പ്രവർത്തനങ്ങളും മറ്റും കുട്ടികളെക്കൊണ്ടു ചെയ്യിപ്പിച്ച് അദ്ധ്യാപകർക്ക് അയച്ചുകൊടുക്കും. ഓരോ വീഡിയോ ക്ലാസുകൾക്കും അനുസൃതമായ വർക്ക്ഷീറ്റുകൾ അദ്ധ്യാപകർ കുട്ടികൾക്കുനൽകും. അതു പൂർത്തിയാക്കുന്ന മുറയ്ക്ക് തിരിച്ചയയ്ക്കണം.
ഫോണിന്റെ കണക്കെടുപ്പ്
സ്മാർട്ട് ഫോണുകളില്ലാത്ത രക്ഷിതാക്കൾക്ക് ഈ പഠനത്തിൽ പങ്കെടുക്കാനാവില്ല. ആ വിദ്യാർത്ഥികളുടെ പഠനം മുടങ്ങുമെന്നതാണ് അവസ്ഥ. ഇതിന്റെ അടിസ്ഥാനത്തിൽ ഫോൺ ഇല്ലാത്തവരുടെ കണക്ക് ശേഖരിക്കുന്നുണ്ട്. നിർദ്ധനരായ ഭിന്നശേഷി കുട്ടികൾക്കു തദ്ദേശ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ഫോൺ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
9: ബഡ്‌സ് സ്കൂളുകളുടെ എണ്ണം
11 ബഡ്‌സ് റിഹാബിലിറ്റേഷൻ സെന്ററുകൾ
ചിത്രരചന, പത്രവായന, അക്ഷരപഠനം, സംഗീതപഠനം, തയ്യൽപഠനം, അടുക്കള ജോലിക്കൊപ്പം ചേരൽ, കരകൗശലവസ്തു നിർമ്മാണം, പച്ചക്കറി പരിപാലനം തുടങ്ങിയവയാണ് പരിശീലിപ്പിക്കുന്നത്. ഇതിനുള്ള നിർദ്ദേശങ്ങൾ വാട്ട്‌സ്ആപ്പ് വഴി നൽകും
(രേഷ്മ, കുടുംബശ്രീ ജില്ലാതല ബഡ്‌സ് പ്രോഗ്രാം ഓഫീസർ)
ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള പഠന ക്ലാസ് ആരംഭിച്ചു. അവർ വളരെ സന്തോഷത്തിലാണ്. മറ്റു കുട്ടികളെ പോലെ ലൈവ് ക്ലാസിൽ ഇവരെ പങ്കെടുപ്പിക്കാൻ കഴിയില്ല. സ്മാർട്ട് ഫോണുകൾ ഇല്ലാത്തവർക്ക് ക്ളാസുകൾ നഷ്ടമാവുമെന്നത് ദു:ഖകരമാണ്
(രാധിക,ബഡ്സ് സ്കൂൾ അദ്ധ്യാപിക)