ഹരിപ്പാട്: നഗരസഭയിൽ ഭരണകക്ഷി നേതാക്കളുടെ നേതൃത്വത്തിൽ നടന്ന മണൽ വിൽപ്പന വിജിലൻസ് അന്വേഷിക്കണമെന്ന് ബി.ജെ.പി ദക്ഷിണമേഖല പ്രസിഡന്റ് കെ.സോമൻ ആവശ്വപ്പെട്ടു. കാലവർഷത്തിന് മുന്നോടിയായി ഹരിപ്പാട് ടൗണിലും ,വാർഡുകളുടെ വിവിധ പ്രദേശങ്ങളിലും ഓടകൾ വൃത്തിയാക്കുമ്പോൾ ലഭിക്കുന്ന മണ്ണ് നഗരസഭയുടെ വാഹനത്തിൽ ആവശ്യക്കാർക്ക് എത്തിച്ച് പണം വാങ്ങുന്ന നടപടി കഴിഞ്ഞ കുറെ വർഷങ്ങളായി നടന്നു വരികയാണ്. ലേലം ചെയ്ത് നഗരസഭയുടെ ഫണ്ടിലേക്ക് വരേണ്ട ലക്ഷക്കണക്കിന് രൂപയാണ് കഴിഞ്ഞ കുറെ വർഷങ്ങളായി ഇങ്ങനെ നഷ്ടപ്പെടുന്നുന്നതെന്ന് അദ്ദേഹം പറഞ്ഞു. നഗരസഭയുടെ അഴിമതിയ്ക്കെതിരെ വരും ദിവസങ്ങളിൽ ശക്തമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ബി.ജെ.പിയുടെ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു കെ.സോമൻ പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡൻറ് കെ.എസ്.വിനോദ്, മുൻസിപ്പാലിറ്റി തെക്കൻ മേഖല പ്രസിഡന്റ് വിജയമോഹനൻ പിള്ള, കൗൺസിലർമാരായ പി.എസ്.നോബിൾ, സന്തോഷ് കുമാർ, ലതാ കണ്ണന്താനം, മഞ്ജുഷ, ഫ്രാൻസിസ്, ബിനു, ശിവദാസൻ എന്നിവർ സംസാരിച്ചു.