ഹരിപ്പാട് : ഹരിപ്പാട് കുടിവെള്ള പദ്ധതിയുടെ നിർവ്വഹണം വേഗത്തിലാക്കാൻ തീരുമാനമായതായി രമേശ് ചെന്നിത്തല എം.എൽ.എ അറിയിച്ചു. ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അദ്ധ്യക്ഷതയിൽ നിയമസഭാ മന്ദിരത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം . 35 കോടി രൂപയുടെ ഭരണാനുമതിയാണ് പദ്ധതിക്ക് ആദ്യഘട്ടത്തിൽ ലഭിച്ചിരുന്നത്. ഇതിന്റെ ഭാഗമായി പള്ളിപ്പാട് പഞ്ചായത്തിൽ 50എം.എൽഡി ശേഷിയുള്ള ജലശുദ്ധീകരണ ശാലയുടെ നിർമ്മാണം പൂർത്തീയായി. മാന്നാർ പഞ്ചായത്തിലെ മുല്ലശ്ശേരി കടവിൽ നിർമ്മിക്കുന്ന ഇൻടേക്ക് വെല്ലിന്റെ 60ശതമാനം പൂർത്തീകരിച്ചു. മുല്ലശ്ശേരി കടവിൽ നിന്ന് പള്ളിപ്പാട് ജലശുദ്ധീകരണ ശാലവരെയുള്ള 9 കിലോമീറ്റർ നീളത്തിൽ റോ വാട്ടർ പമ്പിംഗ് മെയിൻ സ്ഥാപിക്കേണ്ടതുണ്ട്. പൈപ്പിന്റെ ക്ലാസ് പിഎൻ 6 ൽ നിന്നും പിഎൻ 10 ആക്കി ഉയർത്തിയതിനെ തുടർന്ന് 11 കോടി രൂപകൂടി അധികമായി ആവശ്യമുണ്ട്. 5.7 കിലോമീറ്റർ ലൈനിന്റെ നിർമ്മാണത്തിനാവശ്യമായ ഫണ്ട് നിലവിൽ ലഭ്യമാണ്. ഇതിന്റെ ടെണ്ടർ നടപടികൾ 20 ദിവസത്തിനുള്ളിൽ സൂപ്രണ്ടിംഗ് എൻജിനീയറുടെ തലത്തിൽ സ്വീകരിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ശേഷിക്കുന്ന 3.3 കിമീറ്ററിനാവശ്യമായ 11 കോടി രൂപ ജൽജീവൻ മിഷൻ/ സ്റ്റേറ്റ് പ്ലാനിൽ നിന്നും കണ്ടെത്തും.
ഹരിപ്പാട് മണ്ഡലത്തിലെ 10 പഞ്ചായത്തുകളിലായി ഇനി ഗാർഹിക കണക്ഷൻ ആവശ്യമുള്ള 28380 വീടുകളിൽ കൂടി കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള നടപടികൾ ജൽജീവൻ മിഷന്റെ ഭാഗമായി സ്വീകരിക്കും.