ആലപ്പുഴ : ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് നൽകിയ ഇന്നലെ ജനങ്ങൾ കൂട്ടത്തോടെ റോഡിലിറങ്ങിയതോടെ പകച്ചു പോയത് പൊലീസ്. പെടാപ്പാട് പെട്ടാണ് ജനത്തിരക്ക് നിയന്ത്രിച്ചത്. ഇന്നും നാളെയും ട്രിപ്പിൾ ലോക്ക് ഡൗണിന് സമാനമായ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് മുന്നോടിയായാണ് ഇന്നലെ കൂടുതൽ കടകൾക്കും സ്ഥാനങ്ങൾക്കും തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയത് രാവിലെ 7 മുതൽ വൈകിട്ട് 7 വരെയായിരുന്നു കടകൾക്ക് പ്രവർത്തനാനുമതി.
അതിരാവിലെ മുതൽ ആലപ്പുഴ നഗരത്തിൽ ജനത്തിരക്ക് പ്രകടമായിരുന്നു. ജനങ്ങൾ സ്വയം തയ്യാറാക്കിയ സത്യവാങ്മൂലം പരിശോധിച്ചാണ് പൊലീസ് യാത്രാനുമതി നൽകിയത്. എന്നാൽ, നിരത്തിൽ ഇറങ്ങിയവരുടെ എണ്ണം ഒറ്റയടിക്ക് വർദ്ധിച്ചതോടെ പൊലീസിന് തലവേദനയായി. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്താൻ കടകളിൽ പരിശോധനയും നടത്തി.
വസ്ത്രശാലകളിലും ചെരുപ്പ് കടകളിലുമാണ് കൂടുതൽ തിരക്ക് അനുഭവപ്പെട്ടത്. മൊബൈൽ ഫോണുകൾ നന്നാക്കുവാനും പുതിയവ വാങ്ങാനുമായി ധാരാളം പേരാണ് മൊബൈൽ ഷോപ്പുകളിലെത്തിയത്. ബാങ്കുകളിലും മറ്റ് ധനകാര്യ സ്ഥാപനങ്ങളിലും കൂടുതൽ ഉപഭോക്താക്കളെത്തി.
വർക്ക് ഷോപ്പുകൾക്കും, വാഹന ഷോറൂമുകൾക്കും ഉച്ചയ്ക്ക് രണ്ട് മണി വരെ മാത്രമായിരുന്നു പ്രവർത്തനാനുമതി. എന്നാൽ ഉപഭോക്താക്കളുടെ തിരക്ക് വർദ്ധിച്ചതോടെ പല സ്ഥാപനങ്ങളും വൈകുന്നേരം വരെ പ്രവർത്തനം തുടർന്നു. പൊതുഗതാഗതത്തെ ആശ്രയിക്കുന്നവരുടെ എണ്ണത്തിലും കഴിഞ്ഞ ദിവസത്തെക്കാളേറെ വർദ്ധനവുണ്ടായി.
നഗരം കുരുങ്ങി
നീണ്ട ഇളവേയ്ക്ക് ശേഷം ഗതാഗതക്കുരുക്കിനും നഗരംഇന്നലെ സാക്ഷ്യം വഹിച്ചു. മുല്ലയ്ക്കൽ തെരുവ്, പിച്ചു അയ്യർ ജംഗ്ഷൻ, ജനറൽ ആശുപത്രി ജംഗ്ഷൻ, ഇരുമ്പുപാലം, കളർകോട്, കൊമ്മാടി, കൈചൂണ്ടി ജംഗ്ഷൻ തുടങ്ങി പ്രധാന കേന്ദ്രങ്ങളിലാണ് വാഹനങ്ങൾ തിങ്ങിനിറഞ്ഞത്.
''അത്യാവശ്യം വേണ്ട വസ്ത്രങ്ങൾ വാങ്ങേണ്ടവരാണ് കൂടുതലായും എത്തിയത്. വിൽപ്പനയേക്കാൾ, കടയ്ക്കുള്ളിലെ പൊടിയും പൂപ്പലും വൃത്തിയാക്കാൻ സാധിച്ചു എന്നതാണ് ആശ്വാസം
- ഫൈസൽ, വസ്ത്രശാല വ്യാപാരി