ഹരിപ്പാട് : മണ്ഡലത്തിലെ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിൽ പുലിമുട്ട് ,കടൽഭിത്തി നിർമ്മാണം വേഗത്തിലാക്കാൻ തീരുമാനമായതായി രമേശ് ചെന്നിത്തല എം.എൽ.എ അറിയിച്ചു. മന്ത്രി റോഷി അഗസ്റ്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

അടുത്തിടെയുണ്ടായ കടലാക്രമണങ്ങളെ തുടർന്ന് ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പ്രദേശങ്ങളിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങളും, കഷ്ടപ്പാടുകളും രമേശ് ചെന്നിത്തല മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. നിലവിൽ സ്ഥാപിച്ചിട്ടുള്ള കടൽഭിത്തികളുടെ അറ്റകുറ്റപ്പണി യഥാസമയം നടത്തേണ്ടതുണ്ടെന്നും എം.എൽ.എ വ്യക്തമാക്കി. . ഇതിനായി പ്രത്യേക ഫണ്ട് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.

ആറാട്ടുപുഴ പഞ്ചായത്ത് പെരുമ്പള്ളി ജംഗ്ഷൻ വടക്ക് വശം ചെയിനേജ് 516 മുതൽ ചെയിനേജ് 524 വരെയുള്ള തീരസംരക്ഷണവും രണ്ട് പുലിമുട്ടുകളുടെ പുനനിർമ്മാണവും (18കോടി), വലിയഴീക്കലിൽ ചെയിനേജ് 501 മുതൽ 505 വരെയുള്ള തീരസംരക്ഷണം (10 കോടി), നല്ലാണിക്കലിൽ ചെയിനേജ് 533 മുതൽ 539 വരെയുള്ള തീരസംരക്ഷണം (12 കോടി), മംഗലം ചെയിനേജ് 550 മുതൽ 559 വരെ (10 കോടി), തൃക്കുന്നപ്പുഴ പഞ്ചായത്തിലെ ചെയിനേജ് 586 മുതൽ 594 വരെ (20 കോടി), തോപ്പിൽമുക്ക് മുതൽ കുമാരനാശാൻ ജംഗ്ഷൻ വരെ (10 കോടി), പുലത്തറ ജംഗ്ഷന് മുതൽ കുമാരകോടി ജംഗ്ഷന് പടിഞ്ഞാറ് (1 , 7 വാർഡ്) -10 കോടി എന്നീ പ്രവൃത്തികൾക്കുള്ള പുതിയ നിർദ്ദേശങ്ങൾ ജലവിഭവവകുപ്പ് മന്ത്രിക്ക് സമർപ്പിച്ചതായും ചെന്നിത്തല അറിയിച്ചു.