ആലപ്പുഴ: ഓണക്കാലത്ത് എല്ലാ വീടുകളിലും സുരക്ഷിത, വിഷരഹിത പച്ചക്കറി ഉത്പ്പാദനം ലക്ഷ്യമിട്ട് സർക്കാർ നടപ്പാക്കുന്ന പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായ 'ഓണത്തിന് ഒരു മുറം പച്ചക്കറി'യിലൂടെ ജില്ലയിൽ വിതരണം ചെയ്യുന്നത് 15 ലക്ഷം പച്ചക്കറി തൈകൾ. കൂടാതെ നാലു ലക്ഷം പച്ചക്കറി വിത്ത് പായ്ക്കറ്റുകളും കൃഷിഭവൻ മുഖേന വിതരണം ചെയ്യുമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ അലിനി എ.ആന്റണി പറഞ്ഞു. പച്ചക്കറി ഉത്പാദനം വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ വികസന പദ്ധതിയിൽ പച്ചക്കറി ക്ലസ്റ്റർ, മഴ മറ, ഡ്രിപ്പ് ഇറിഗേഷൻ പമ്പ് സെറ്റ്, ഗ്രോബാഗ് കൃഷി, സ്ഥാപനാധിഷ്ഠിത കൃഷി, സ്‌കൂൾ പച്ചക്കറി കൃഷി തുടങ്ങിയ പദ്ധതികളും ജില്ലയിൽ നടപ്പാക്കുന്നുണ്ട്. .