ചേർത്തല:ഒറ്റമശേരിയിൽ കടലാക്രമണം രൂക്ഷമായ പ്രദേശത്ത് അടിയന്തര സംരക്ഷണഭിത്തിക്കായി കരിങ്കല്ല് എത്തിച്ചു തുടങ്ങി. 34 ലക്ഷമാണ് ഇതിന് അനുവദിച്ചിരിക്കുന്നത്.
സർക്കാർ നിശ്ചയിച്ചിരിക്കുന്ന കല്ലിന്റെ വില കുറവാണെന്ന കാരണത്താൽ കരാറുകാർ ആരും ടെൻഡറിൽ പങ്കെടുത്തിരുന്നില്ല. തുടർന്ന് മന്ത്രി പി. പ്രസാദും ആലപ്പുഴ രൂപതാ ബിഷപ്പും മത്സ്യത്തൊഴിലാളി യൂണിയൻ നേതാക്കളും ഇടപെട്ടാണ് പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കിയത്. മുവാറ്റുപുഴ ഓലിക്കുന്നേൽ കൺസ്ട്രക്ഷൻ കമ്പനിയാണ് കരാറുകാർ. തുടർന്നാണ് കരിങ്കല്ല് എത്തിച്ചു തുടങ്ങിയത്. അടിയന്തിര സാഹചര്യം നേരിടുന്ന വീടുകൾക്ക് ആദ്യ പരിഗണന നൽകി സംരക്ഷണ പ്രവൃത്തി ആരംഭിക്കുമെന്ന് ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. നിലവിലെ പ്രവർത്തനം പൂർത്തീകരിച്ചാൽ സ്ഥിരം ഭിത്തിയാകുന്നതുവരെ സംരക്ഷണമുറപ്പാക്കാനാകുമെന്നാണ് കണക്കാക്കുന്നത്. അറ്റകുറ്റപ്പണി നടത്തേണ്ട കടൽഭിത്തിയുടെയും പൂർത്തീകരിക്കേണ്ട കാനയുടെയും നിർമ്മാണം നടത്താനുള്ള നടപടി ആരംഭിച്ചിട്ടുണ്ടെന്നു മന്ത്റി സജി ചെറിയാൻ ഉറപ്പു നൽകിയതായി മത്സ്യ ബോർഡ് അംഗം പി.ഐ.ഹാരിസും പറഞ്ഞു.