ആലപ്പുഴ: നഗരസഭയുടെ ടെലി മെഡിസിൻ പരിപാടി 50 ദിനങ്ങൾ പിന്നിട്ടു. ഏപ്രിൽ 22ന് ആരംഭിച്ച പദ്ധതിയിലൂടെ 6000ത്തിലധികം പേർക്ക് വൈദ്യ സഹായവും മരുന്നും സൗജന്യമായി ലഭ്യമാക്കി. 30ഓളം ഡോക്ടർമാർ നഗരസഭയുടെ ടെലി മെഡിസിൻ പദ്ധതിയുമായി സഹകരിച്ചു വരുന്നു. എല്ലാ രോഗികൾക്കും ആരോഗ്യ വോളണ്ടിയർമാർ മുഖേന മരുന്ന് വീടുകളിലെത്തിച്ച് നൽകുന്നു.
കൊവിഡ് പോസിറ്റീവ് ആകുന്ന വയോധികർക്കും മറ്റ് ശാരീരിക ബുദ്ധിമുട്ടുള്ളവർക്കും വീടുകളിലെത്തി ഓക്സിജൻ അടക്കമുള്ള സംവിധാനങ്ങളുമായി ചികിത്സ ലഭ്യമാക്കുന്ന ഗൃഹസ്വാന്ത്വനം പദ്ധതിയും പുരോഗമിക്കുന്നതായി നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ് അറിയിച്ചു. 50 ദിവസം പരാതികൾക്കിടയില്ലാതെ സമർപ്പിത സേവനം കാഴ്ചവച്ച നഗരസഭ ടെലി മെഡിസിൻ ടീമിനെ നഗരസഭാദ്ധ്യക്ഷ മധുരം നൽകി അഭിനന്ദിച്ചു. വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബീന രമേശ്, എം.ആർ പ്രേം എന്നിവർ പങ്കെടുത്തു.
നഗരസഭയുടെ ടെലി മെഡിസിൻ പദ്ധതി നയിക്കുന്നത് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി ഡെപ്യൂട്ടി സുപ്രണ്ടും ഹൃദ്രോഗ വിദഗ്ദനുമായ ഡോ.അബ്ദുൾ സലാമും ഡോ.ഷെറിൻ ഷാജഹാനുമാണ്. നജീബ് ഹബീബാണ് കോ-ഓർഡിനേറ്റർ . നിഷ, നബീൽ ,പാർവ്വതി, രാജശ്രീ എന്നിവർ ഏകോപനം നിർവ്വഹിക്കുന്നു. ഷിജിന, സുകന്യ ,റോജി മോൾ എന്നിവർ സ്റ്റാഫ് നഴ്സുമാരുമാണ്. ഒരു തദ്ദേശ സ്ഥാപനം സംസ്ഥാനത്താദ്യമായി ടെലി മെഡിസിൻ പദ്ധതി ആരംഭിച്ചത് ആലപ്പുഴയിലാണ്.