പരമ്പരാഗത തൊഴിലാളികളുടെ പ്രതീക്ഷയ്ക്ക് മേൽ കരിനിഴൽ
അമ്പലപ്പുഴ: കൊവിഡ് വ്യാപനത്തിൽ നട്ടംതിരിഞ്ഞ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കു തിരിച്ചടിയായി കാലാവസ്ഥാ വ്യതിയാനവും ന്യൂനമർദ്ദവും. സാധാരണ, ട്രോളിംഗ് നിരോധന കാലയളവിലാണ് പരമ്പരാഗത തൊഴിലാളികൾ ജോലിയെടുക്കുന്ന വള്ളങ്ങൾക്ക് മത്സ്യക്കൊയ്ത്ത് ലഭിക്കുന്നത്. ചെമ്മീൻ,മത്തി, അയല,കൊഴുവ തുടങ്ങിയ മത്സ്യങ്ങളാണ് ഇക്കാലയളവിൽ സുലഭമായി ലഭിക്കുക. വ്യാഴാഴ്ചയാണ് ട്രോളിംഗ് നിരോധനം നിലവിൽ വന്നത്. അതിനു മാസങ്ങൾക്ക് മുമ്പു മുതലേ പരമ്പരാഗത തൊഴിലാളികൾ പ്രതിസന്ധിയിലാണ്. 52 ദിവസമാണ് ട്രോളിംഗ് നിരോധനം.
എന്നാൽ ബോട്ടുകൾ മത്സ്യ ബന്ധനം നിർത്തിയ സാഹചര്യം തങ്ങൾക്കു ഗുണകരമാകുന്നില്ലെന്നാണ് പരമ്പരാഗത തൊഴിലാളികൾ പറയുന്നത്. ജില്ലയുടെ തീരത്തു നിന്നു ഡിസ്ക്കോ, ബീഞ്ച്, ലൈലൻഡ് ഇനത്തിൽപ്പെട്ട നൂറു കണക്കിന് വള്ളങ്ങളാണ് കടലിൽ പോകുന്നത്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ട തിനാൽ ശക്തമായ കാറ്റും മഴയുമുണ്ടാകുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥ ഗവേഷണ കേന്ദ്രം നൽകിയിരിക്കുന്നത്. കൂടാതെ കാലവർഷവും ശക്തിപ്രാപിച്ചു. ഒരാൾ പണിയെടുക്കുന്ന പൊന്തുവള്ളങ്ങളും കടലിൽ ഇറക്കുന്നില്ല. കൊവിഡ് വ്യാപനത്തെ തുടർന്നു ഏറെ ദുരിതത്തിലായ തങ്ങൾക്കു മറ്റൊരു പ്രഹരമാണ് ഇതെന്ന് തൊഴിലാളികൾ പറഞ്ഞു. മത്സ്യത്തൊഴിലാളികൾ മറ്റൊരു കാലഘട്ടത്തിലും അനുഭവിക്കാത്ത ദുരിതത്തിലൂടെയാണ് കടന്ന് പോകുന്നത്. ജൂൺ മാസത്തിൽ കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ടു ചിലവുകൾ കൂടുതലാണ്. എന്നാൽ കടലിനെ മാത്രം ആശ്രയിച്ചു ജീവിക്കുന്നവർ അടുപ്പു പുകയ്ക്കാൻ പോലും ബുദ്ധിമുട്ടുകയാണെന്ന് പുന്നപ്ര തെക്ക് സമരഭൂമി വാർഡിലെ മത്സ്യതൊഴിലാളികൾ പറഞ്ഞു.
മത്സ്യത്തൊഴിലാളികൾ
അഭിമുഖീകരിക്കുന്നത്
കാലാവസ്ഥ മുന്നറിയിപ്പ് കാരണം മിക്ക ദിവസങ്ങളിലും ജോലിക്ക് പോകാനാകുന്നില്ല
ട്രോളിംഗ് നിരോധന കാലയളവ് പരമ്പരാഗത തൊഴിലാളികൾക്ക് ഗുണമാകുന്നില്ല
കടലിൽ പോകുന്ന വള്ളങ്ങൾക്ക് ഇന്ധന ചിലവിനുള്ള മീൻ പോലും ലഭിക്കുന്നില്ല
കൊവിഡ് ഭീതി കാരണം മറ്റ് ജോലികൾക്ക് പോകാൻ കഴിയാത്തതും തിരിച്ചടി
ട്രോളിംഗ് നിരോധന കാലയളവിൽ പരമ്പരാഗത മൽസ്യത്തൊഴിലാളികൾക്ക് ലഭിക്കുന്ന മത്സ്യത്തിന് നല്ല വില കിട്ടുമായിരുന്നു. ഇപ്പോൾ കാലാവസ്ഥാ മുന്നറിയിപ്പും കൊവിഡ് മാനദണ്ഡങ്ങളും കാരണം ജോലിയ്ക്ക് പോകാൻ കഴിയാത്ത അവസ്ഥയിലാണ്. തോട്ടം മേഖലയിലും മറ്റ് തൊഴിലിടങ്ങളിലുമെന്നപോലെ 'അടിയന്തിര ദുരിതാശ്വസ പാക്കേജ് മത്സ്യത്തൊഴിലാളി മേഖലയിലും നടപ്പാക്കണം
- കെ.എഫ്. തോബിയാസ്, ജില്ലാ ജനറൽ സെക്രട്ടറി,
ദേശീയ മൽസ്യത്തൊഴിലാളി കോൺഗ്രസ്
മാസങ്ങളായുള്ള വറുതി മൂലം മത്സ്യത്തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലാണ്. കൊവിഡ് വ്യാപനം മൂലം മറ്റു തൊഴിലുകൾ തേടി പോകാനും പറ്റുന്നില്ല. നൂറു വള്ളങ്ങൾ കടലിൽ ഇറക്കുമ്പോൾ പത്തിൽ താഴെയുള്ള വള്ളങ്ങൾക്കു മാത്രമാണ് മീൻ കിട്ടുന്നത്
ആരേശ്ശേരി ക്ലീറ്റസ് , മത്സ്യത്തൊഴിലാളി
പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത്