photo
വടക്കേ അങ്ങാടി​ കവല വി​കസനത്തി​ന്റെ ഭാഗമായി​ നടക്കുന്ന പ്രവർത്തനങ്ങൾ

ചേർത്തല : ചേർത്തലക്കാരുടെ സ്വപ്‌നപദ്ധതിയായ വടക്കേ അങ്ങാടി കവല വികസനം പൂർത്തിയാകാൻ ഇനിയും മാസങ്ങളെടുക്കും.ആറു വ്യക്തികളുടെ സ്ഥലം ഏറ്റെടുക്കുന്നതിലെ നിയമ പ്രശ്നങ്ങളാണ് പദ്ധതി പൂർത്തീകരണത്തിന് തടസമാകുന്നത്. മുൻ പ്രമാണങ്ങളും അനുബന്ധ രേഖകളും ഹാജരാക്കാൻ സ്ഥല ഉടമകൾക്ക് കഴിഞ്ഞിട്ടില്ല. പൊതുമരാമത്ത് ചീഫ് എൻജിനിയറുടെ പ്രത്യേക ഉത്തരവ് ലഭിച്ചാൽ ഈ നിയമക്കുരുക്ക് മറികടക്കാനാകുമെന്നാണ് നിയമ വൃത്തങ്ങളുടെ പ്രതീക്ഷ. തദ്ദേശ സ്വയംഭരണ, നിയമസഭ തിരഞ്ഞെടുപ്പ് മൂലമുണ്ടായ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടവും കൊവിഡ് വ്യാപനവും കവല വികസനത്തിന് വിലങ്ങുതടിയായെന്നാണ് പൊതുമരാമത്ത് അധികൃതരുടെ പക്ഷം.

2017 ‌‌ഏപ്രിലിലാണ് കവല വികസനത്തിനായി സ്ഥലം ഏറ്റെടുക്കാൻ ഉത്തരവായത്. 2020 നവംബർ 19ന് നിർമ്മാണോദ്ഘാടനം നടന്നെങ്കിലും 2021 മാർച്ച് ആദ്യവാരമാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. പദ്ധതിയുടെ ഭാഗമായി പൂർത്തിയാക്കേണ്ട 4 കലുങ്കുകളിൽ മൂന്നെണ്ണത്തിന്റെ നിർമ്മാണം പൂർത്തിയായി. കവലയ്ക്ക് പടിഞ്ഞാറ് ഭാഗത്തെ കലുങ്ക് നിർമ്മാണം പാതിനിലയിലാണ്.

കവലയ്ക്ക് കിഴക്ക്,വടക്ക് ഭാഗത്തായി സ്ഥാപിച്ചിട്ടുള്ള കാനയ്ക്ക് സ്ലാബ് ഇടുന്ന ജോലികളും പൂർത്തിയാകാനുണ്ട്. ഏറ്റെടുക്കാനുള്ള തെക്ക്,കിഴക്ക് ഭാഗത്തുള്ള ഭൂമി ഏറ്റെടുത്ത ശേഷം അവിടെയുള്ള കെട്ടിടങ്ങൾ പൊളിച്ചു നീക്കിയാലേ കാനയും ഇലക്ട്രിക്കൽ ലൈനും സ്ഥാപിക്കാൻ കഴിയുകയുള്ളൂ.

ഭൂമി ഏറ്റെടുക്കുമ്പോൾ

ഒരു സെന്റ് ഭൂമിക്ക് 8.5 ലക്ഷം രൂപ വീതവും, വാടകക്കാരന് രണ്ട് ലക്ഷവും ജീവനക്കാരന് 36000 രൂപയും നൽകിയാണ് 43 സെന്റോളം സ്ഥലം ഏറ്റെടുത്തത്. 22 പ്രമാണങ്ങളുടെ രജിസ്ട്രേഷനാണ് ഇതുവരെ നടന്നത്. ആറ് ഉടമകൾ കൂടി ഭൂമി കൈമാറാനുണ്ട്.

പദ്ധതി ഒ​റ്റനോട്ടത്തിൽ

ആകെ തുക : ₹ 10.5 കോടി

സംസ്ഥാന സർക്കാർ അനുവദിച്ചത് : ₹8.5 കോടി

മുൻ മന്ത്രി പി.തിലോത്തമന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് : ₹2കോടി

കവലയ്ക്ക് പുതിയ മുഖം

കിഴക്ക് പടിഞ്ഞാറ് 50 മീ​റ്റർ നീളത്തിലും തെക്ക് വടക്ക് 25 മീ​റ്റർ നീളത്തിലും 20 മീ​റ്റർ വീതിയിലുമാണ് റോഡ് നിർമ്മിക്കുന്നത്. ഇരുവശങ്ങളിലും നടപ്പാത,ബസ് ബേ,സിഗ്‌നൽ സംവിധാനം എന്നിവ ഉണ്ടാകും . ദേശീയപാത നിലവാരത്തിൽ നിർമ്മിക്കുന്ന കവലയിൽ ബി.എം ബി.സി ടാറിംഗാണ് ചെയ്യുന്നത്.

സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ടുള്ള നിയമക്കുരുക്കുകൾ മറികടക്കാൻ അടിയന്തര ഇടപെടൽ ഉണ്ടാകും. പൊതുമരാമത്ത് വകുപ്പിന് പ്രത്യേക നിർദ്ദേശം നൽകും. വടക്കേ അങ്ങാടി കവല വികസനമെന്ന ചേർത്തലക്കാരുടെ കാലങ്ങളായുള്ള സ്വപ്നം സാക്ഷാത്കരിക്കുകയാണ് പ്രധാന ലക്ഷ്യം.

പി. പ്രസാദ് , കൃഷി മന്ത്രി

നിയമ കുരുക്കുകൾ മറികടന്ന് കവല നിർമ്മാണം അടിയന്തിരമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിന്റെ പി.ഡബ്ലിയു.ഡി ഫോർ യു ആപ്പിൽ പരാതി നൽകി

വേളോർവട്ടം ശശികുമാർ

ദക്ഷിണ മേഖല ഓൾ പാസഞ്ചേഴ്‌സ് അസോസിയേഷൻ ചെയർമാൻ