അമ്പലപ്പുഴ: കന്നുകാലികൾക്ക് കുളമ്പുരോഗം വ്യാപിച്ചതിനെത്തുടർന്ന് ദുരിതം അനുഭവിക്കുന്ന ക്ഷീരകർഷകർക്ക് അടിയന്തര സഹായം നൽകുവാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് ആമയിട ക്ഷീരോത്പാദക സഹകരണ സംഘം ഭരണസമിതി ആവശ്യപ്പെട്ടു. യോഗത്തിൽ കരുമാടി മുരളി അധ്യക്ഷതവഹിച്ചു. മിൽമ ജില്ലയ്ക്ക് അനുവദിച്ച 250 ചാക്ക് കാലിത്തീറ്റയുടെ വിഹിതം ക്ഷീര സംഘങ്ങൾക്ക് ലഭിച്ചതല്ലാതെ മറ്റൊരു സഹായവും ദുരിതമനുഭവിയ്ക്കുന്ന കർഷകർക്ക് ലഭിച്ചിട്ടില്ല. സംഘങ്ങൾ സ്വന്തം നിലയിലാണ് കർഷകരെ ചെറുതായിട്ടെങ്കിലും ഇപ്പോൾ സഹായിക്കുന്നത്. ആമയിട ക്ഷീര സംഘത്തിന്റെ പരിധിയിൽ 100 പശുക്കൾക്കും 3 എരുമകൾക്കും 13 കിടാരികൾക്കും 30 കന്നുകുട്ടികൾക്കും ഇതിനകംരോഗം ബാധിച്ചു. 14 കന്നുകുട്ടികളും രണ്ടു കിടാരിയും അസുഖം ബാധിച്ച് ചത്തു.