ആലപ്പുഴ: കൈതവന പക്കി ജംഗ്ഷനിൽ അമിതവേഗതയിൽ വന്ന കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ സമീഷിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താനായി നഗരസഭയിലെ 9 വാർഡുകളിൽ നിന്നും ഒറ്റ ദിവസം കൊണ്ട് സമാഹരിച്ചത് 17 ലക്ഷം രൂപ .കൊവിഡും ലോക്ക് ഡൗണും തീർത്ത സാമ്പത്തിക ഞെരുക്കത്തിനിടയിലും ജനങ്ങൾ ധനസമാഹരണത്തോട് നന്നായി സഹകരിച്ചുവെന്ന് നഗരസഭ അദ്ധ്യക്ഷ സൗമ്യരാജ് പറഞ്ഞു. 12,33,607 രൂപയാണ് നേരിട്ട് പണമായി ലഭിച്ചത്. 5 ലക്ഷത്തിലധികം രൂപ ബാങ്ക് അക്കൗണ്ടിലും ലഭിച്ചു .
അഡ്വ.എ.എം ആരിഫ് എം.പി, എച്ച്. സലാം എം.എൽ.എ എന്നിവർ രക്ഷാധികാരികളായും നഗരസഭാദ്ധ്യക്ഷ സൗമ്യരാജ് ചെയർപേഴ്‌സണായും, വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ വൈസ് ചെയർമാനായും എസ്.പ്രദീപ് കൺവീനറായും രമ്യ സുർജിത്ത്, ഹരികൃഷ്ണൻ, ക്ലാരമ്മ പീറ്റർ, ബി.നസീർ ,നസീർ പുന്നയ്ക്കൽ, പ്രജിത കണ്ണൻ, സലിം മുല്ലാത്ത്, മനീഷ സിജിൻ എന്നീ കൗൺസിലർമാരും എ. പി സോണ, എച്ച്.ഷാജഹാൻ ,വി .ആർ.വിനോദ് ,ഷിജു താഹ, നൗഫൽ ,സുരാജ്, കെ.എൻ.എ.നവാസ് എന്നീ രാഷ്ട്രീയ കക്ഷി നേതാക്കൾ എക്‌സിക്യൂട്ടീവ് അംഗങ്ങളായുംടി.പി.അനിൽ ജോസഫ് ട്രഷററായും രൂപീകരിച്ച കർമ്മ സമിതിയാണ് ധന സമാഹരണത്തിന് നേതൃത്വം നൽകിയത്. സമീഷ് അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.