കുട്ടനാട് : കഴിഞ്ഞ രണ്ടു വെള്ളപ്പൊക്കങ്ങളും കൊവിഡും രാമങ്കരി,എടത്വാ വില്ലേജുകളിൽപ്പെട്ട പാടശേഖങ്ങളുടെ പുറംബണ്ടിലെ കോളനി നിവാസികളുടെ ജീവിതം ദുരിതത്തിലാക്കി. പുതുവൽ പുതുക്കരി, അഞ്ചുമനയ്ക്കൽ, അമ്പലംതറ, മുന്നൂറിൻചിറ, തൈപ്പറമ്പ്, പുന്നപ്പറമ്പ്, കുഴിക്കാല മാവേലിക്കളം, അരികോടിച്ചിറ, എ.സി സെറ്റിൽമെന്റ് എന്നീ കോളനികളിലെ നിരവധി കുടുംബങ്ങളാണ് ദുരിത ജീവിതം നയിക്കുന്നത്.
ഒറ്റമഴയ്ക്ക് തന്നെ വെള്ളക്കെട്ടിലാകുന്ന ഈ കോളനികളിൽ കഴിഞ്ഞ മാസത്തെ വെള്ളപ്പൊക്കത്തിൽ മുട്ടറ്റം വരെ ജലനിരപ്പ് ഉയർന്നിരുന്നു. ഇതോടെ പല കുടുംബങ്ങളും ബന്ധുവീടുകളിൽ അഭയം പ്രാപിച്ചു. കാലവർഷം കടുക്കുന്നതോടെ ഇവിടെ താമസിക്കുന്നവരുടെ ദുരിതം ഇരട്ടിയാകും.
വീടുകൾ തൊട്ടടുത്തായതിനാൽ ഒരു വീട്ടിലെ അംഗത്തിനുണ്ടാകുന്ന കൊവിഡ് ബാധ മറ്റുള്ളവർക്കും ഭീഷണിയാണ്. ഇതിനോടകം നിരവധി പേർക്ക് കൊവിഡ് പിടിപെട്ടു.
വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രമോദ് ചന്ദ്രൻ ഇവരുടെ ദുരിതജീവിതം കളക്ടർ ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. തുടർനടടപികളുണ്ടാകുമോ എന്ന് കാത്തിരുന്ന് കാണണം.