സാദ്ധ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്ന് രൂപത പി.ആർ.ഒ
ചേർത്തല : അനാഥമായ കുടുംബത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്, കൊവിഡ് ബാധിച്ച് മരിച്ച കപ്യാരുടെ കുടുംബം അർത്തുങ്കൽ ബസലിക്കയിലെ വികാരിയച്ചന്റെ ഓഫീസിന് മുന്നിൽ പ്രതിഷേധവുമായെത്തി. കപ്യാരായിരുന്ന സാംജയിംസ്(48) മേയ് 6നാണ് മരിച്ചത്. ജയിംസിന്റെ മരണത്തോടെ അനാഥമായ കുടുംബത്തെ സംരക്ഷിക്കാൻ ഭാര്യക്ക് ബസലിക്കയിൽ കപ്യാരായോ രൂപതാ കോർപറേറ്റ് മാനേജ്‌മെന്റ് സ്ഥാപനത്തിലോ ജോലിനൽകണമെന്നാണ് ആവശ്യം. രാവിലെ കുർബാനക്കുശേഷം എട്ടു മുതൽ തുടങ്ങിയ പ്രതിഷേധം 11 ഓടെ പൊലീസ് ഇടപെട്ടാണ് അവസാനിപ്പിച്ചത്. അപേക്ഷകൾ നൽകിയിട്ടും അവഗണിച്ചതിനാലാണ് രണ്ട് പെൺമക്കളുമൊത്ത് പ്രതിഷേധിക്കാൻ എത്തിയതെന്ന് സാംജയിംസിന്റെ ഭാര്യ ലിമ സാം പറഞ്ഞു.
കപ്യാരുടെ കുടുംബത്തെ സഹായിക്കാൻ സാദ്ധ്യമായ എല്ലാം ചെയ്തിട്ടുണ്ടെന്ന് ആലപ്പുഴ രൂപത പി.ആർ.ഒ ഫാ.സേവ്യർ കുടിയാംശേരി പറഞ്ഞു. ബസലിക്കയും തീർത്ഥാടന കേന്ദ്രവുമായതിനാൽ ലിമയ്ക്ക് കപ്യാർ ജോലി നൽകാനാകാവില്ല.ബസലിക്കയുടെ കീഴിലെ ഐ.ടി.ഐയിൽ ജോലിയും രണ്ടു മക്കളുടെയും പേരിൽ ഓരോലക്ഷവും നിക്ഷേപിക്കാനും തീരുമാനിച്ചിട്ടുണ്ട്. രൂപത വഴിയുള്ള മറ്റു സഹായങ്ങളും അറിയിച്ചിട്ടുണ്ട്. സ്വീകരിച്ച കാര്യങ്ങളിൽ കുടുംബം തൃപ്തരാണെങ്കിലും ചില സംഘങ്ങൾ ഇവരെ തെറ്റിദ്ധരിപ്പിച്ചെന്നും ഫാ.സേവ്യർ കുടിയാംശേരി പറഞ്ഞു. കപ്യാരുടെ കുടുംബത്തിനായി ബസലിക്ക അജപാലനയോഗം എടുത്ത തീരുമാനങ്ങൾ ഇടവക സമൂഹത്തെ വികാരി ഫാ.സ്റ്റീഫൻ.ജെ.പുന്നക്കൽ അറിയിച്ചു.