പൂച്ചാക്കൽ: വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ വൃദ്ധനെ തൈക്കാട്ടുശേരി സർക്കാർ ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൈക്കാട്ടുശേരി പഞ്ചായത്ത് ആറാം വാർഡ് കല്ലുങ്കൽ വീട്ടിൽ ഗോപാലനെയാണ് (74) വെള്ളിയാഴ്ച വീടിനോട് ചേർന്നുള്ള ഇടുങ്ങിയ മുറിയിൽ അവശനിലയിൽ കണ്ടത്. അവിവാഹിതനായ ഗോപാലൻ ബന്ധുവായ മനോഹരനോടെപ്പമാണ് താമസിച്ചിരുന്നത്. മനോഹരൻ കൊവിഡ് ബാധിതനായതോടെ വാർദ്ധക്യകാല രോഗങ്ങളുള്ള ഗോപാലനെ നോക്കാൻ കഴിയാതെയായി. ദിവസങ്ങളോളം ഭക്ഷണം കഴിക്കാൻ പറ്റാതെ വന്നതോടെ ആരോഗ്യനില വഷളാകുകയായിരുന്നു.വിവരം അറിഞ്ഞെത്തിയ തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.എം.പ്രമോദ്, സ്ഥിരം സമിതി ചെയർമാൻ എൻ.കെ.ജനാർദ്ദനൻ, തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.വിശ്വംഭരൻ, സ്ഥിരം സമിതി അദ്ധ്യക്ഷ രതി നാരായണൻ, ആശാ വർക്കർ വി.സ്മിത,സി.പി.എം പ്രവർത്തകനായ പ്രിൻസ് തുടങ്ങിയവർ ചേർന്നാണ് ഗോപാലനെ ആശുപത്രിയിൽ എത്തിച്ചത്.