ഹരിപ്പാട്: കരുവാറ്റ കാരമുട്ട കുറിച്ചിക്കൽ പാലത്തിന്റെ പണിയുടെ സാങ്കേതിക തടസം നീക്കുന്നതിന് മീറ്റിംഗ് വിളിക്കണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല എം. എൽ. എ പൊതുമരാമത്ത് മന്ത്രി​ക്ക് മന്ത്രിക്ക് കത്ത് നല്കി. 28.25 കോടി രൂപ മുടക്കി നെടുമുടി കരുവാറ്റ റോഡിൽ നിർമ്മിക്കുന്താണ് കരുവാറ്റ കാരമുട്ട കുറിച്ചിക്കൽ പാലം. പാലത്തിന്റെ പൈൽ ഫൗണ്ടേഷൻ, തൂണുകൾ, 7 സ്പാനുകൾ എന്നിവ പൂർത്തീകരിച്ചു. 2 സ്പാനുകൾ മാത്രമാണ് ഇനി പൂർത്തീകരിക്കാനുള്ളത്. നിർമ്മാണ പ്രവർത്തനങ്ങൾ തൃപ്തികരമല്ലാത്തതിനാൽ നിർമ്മാണ ചുമതലയുണ്ടായിരുന്ന മുൻ കരാർ കമ്പനിയെ സർക്കാർ ടെർമിനേറ്റ് ചെയ്തിരുന്നു. ശേഷിക്കുന്ന നിർമ്മാണപ്രവർത്തനങ്ങളുടെ പൂർത്തീകരണത്തിനായി വർക്ക് ടീടെൻഡർ ചെയ്തിരുന്നു. എന്നാൽ 89 ശതമാനം ഉയർന്ന നിരക്കാണ് ഇതിനായി പുതുതായി കരാർ ലഭിച്ച കമ്പനി ആവശ്യപ്പെടുന്നത്. ഇത് സംബന്ധിച്ച ഫയൽ ചീഫ് എൻജി​നീയർ സർക്കാരിന് സമർപ്പിച്ചിരുന്നു. സർക്കാരിന്റെ അനുമതി ലഭിച്ചെങ്കിൽ മാത്രമേ ടെൻഡറിന് സ്ഥിരീകരണം ലഭിക്കുകയുള്ളൂ. എങ്കിൽ മാത്രമേ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനും സാധിക്കുകയുള്ളൂ. ധനകാര്യവകുപ്പിന്റെ ഉൾപ്പെടെയുള്ള അനുമതി ഇതിനായി ആവശ്യമുണ്ട്. ഇതുമായി ബന്ധപ്പെട്ട് പ്രദേശവാസികൾക്കുള്ള ആശങ്ക പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുള്ളതായി രമേശ് ചെന്നിത്തല അറിയിച്ചു.