അമ്പലപ്പുഴ: തീരദേശങ്ങൾ തുരന്ന് മണൽ ഖനനം നടത്തുന്ന പൊതുമേഖല കമ്പനികൾ മണലും മണൽ ഉത്പന്നങ്ങളും സ്വകാര്യ മേഖലയ്ക്ക് നൽകുന്നതിനാൽ യഥാർത്ഥ ലാഭം സ്വകാര്യ കമ്പനികൾക്കാണെന്ന് പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ പറഞ്ഞു. കരിമണൽ ഖനനവിരുദ്ധ ഏകോപന സമിതി തോട്ടപ്പള്ളിയിൽ നടത്തുന്ന അനിശ്ചിതകാല രാപ്പകൽ സത്യാഗ്രഹത്തിൽ മൂന്നാം ദിവസത്തെ സത്യാഗ്രഹം ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈ മണൽ കൊള്ളയുടെ പങ്ക് പലരും പറ്റുന്നുണ്ട്. പൊതു മേഖലയാണ്, വ്യവസായമാണ് എന്നൊക്കെ പറഞ്ഞ് പൊതുജനത്തെ പറ്റിക്കുകയാണ്. ഇങ്ങനെ പോയാൽ കുട്ടനാട് കടലെടുത്ത് പോകും.കേരളം കടലെടുത്ത് പോകാതിരിക്കാൻ അടിയന്തരമായി മണൽ ഖനനം അവസാനിപ്പിക്കണമെന്ന് സി.ആർ. നീലകണ്ഠൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് തൃക്കുന്നപ്പുഴ ഡിവിഷൻ മെമ്പർ സുധിലാൽ തൃക്കുന്നപ്പുഴയാണ് 3-ാം ദിവസം രാപ്പകൽ സത്യാഗ്രഹം അനുഷ്ഠിച്ചത് . സമര സമിതി ചെയർമാൻ എസ്.സുരേഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പുറക്കാട് ഗ്രാമ പഞ്ചായത്ത് മുൻപ്രസിഡന്റ് വി.സി. മധു മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിൽ പി.കെ, പാർത്ഥസാരഥി വർമ്മ, എ.ആർ.കണ്ണൻ, നാസർ ആറാട്ടുപുഴ, സുഭദ്രാമണി. വിപിൻ വിശ്വംഭരൻ, ഷിബു പ്രകാശ് എന്നിവർ സംസാരിച്ചു.