t
കൊവിഡ് മൂന്നാം തരംഗത്തെ അതിജീവിക്കാൻ കരുവാറ്റ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള അതിജീവനം പദ്ധതി എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്യുന്നു

ഹരിപ്പാ‌ട്: കൊവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കാൻ കരുവാറ്റ ഗ്രാമപഞ്ചായത്ത് തുടക്കം കുറിച്ച പദ്ധതികളുടെ ഭാഗമായ 'അതിജീവന'ത്തിന്റെ ഉദ്ഘാടനം എ.എം.ആരിഫ് എം.പി നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ് അദ്ധ്യക്ഷനായിരുന്നു. നോഡൽ ആഫീസർ സേതുമാധവൻ പദ്ധതി വിശദീകരണം നടത്തി. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ്‌ കമ്മിറ്റി അദ്ധ്യക്ഷരായ അഡ്വ. ടി.എസ്. താഹ, എ. ശോഭ, ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. എം.എം.അനസ് അലി,ടി. പൊന്നമ്മ, ടി.മോഹൻകുമാർ, ഷീബ ഓമനക്കുട്ടൻ, ശ്രീലേഖ മനു, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നിഷ എൻ.തയ്യിൽ എന്നിവർ പങ്കെടുത്തു. കൊവിഡ് മൂന്നാം തരംഗം 18 വയസിന് താഴെയുള്ള കുട്ടികളെ കൂടുതലായി ബാധിക്കാൻ സാദ്ധ്യതയുള്ളതിനാൽ ഹയർ സെക്കൻഡറി തലം വരെയുള്ള കുട്ടികൾക്കിടയിൽ വെർച്വൽ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുകയാണ് അതിജീവനം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഡോക്ടർമാർ, മറ്റ് ആരോഗ്യ വിദഗ്ദ്ധർ, അദ്ധ്യാപകർ, കലാകാരൻമാർ എന്നിവർ അടങ്ങുന്ന ഒരു പാനൽ ക്ലാസ് അടിസ്ഥാനത്തിൽ എല്ലാ ആഴ്ചയിലും നിശ്ചിത സമയം ഗൂഗിൾ പ്ളാറ്റ്ഫോമിൽ ക്ളാസുകൾ, കാർട്ടൂൺ വീഡിയോകൾ, പ്രഭാഷണങ്ങൾ, കലാപരിപാടികൾ, ക്വിസ് മത്സരങ്ങൾ എന്നിവയിലൂടെ പങ്കെടുക്കും. കുമാരപുരം ജി.എൽ.പി.എസ് പ്രധാനാദ്ധ്യാപകൻ എം.ഉമ്മർ കുഞ്ഞ് ചാർജ്ജ് ഓഫീസറും ബി.ആർ.സി ക്ലസ്റ്റർ കോ-ഓർഡിനേറ്റർ എം.ശ്രീജ കോ - ഓർഡിനേറ്ററുമായാണ് പദ്ധതി നടപ്പാക്കുന്നത്.