 മാറ്റമുണ്ടെങ്കിൽ ശ്രദ്ധിക്കണം കുട്ടികളിലെ പെരുമാറ്റം

ആലപ്പുഴ: തുടർച്ചയായ രണ്ടാം വർഷവും ഓൺലൈൻ ക്ലാസുകൾ തന്നെ അഭയമായതോടെ കുട്ടികളിൽ പഠന, പെരുമാറ്ര സംബന്ധ ബുദ്ധിമുട്ടുകൾ പ്രകടമാകുന്നുവെന്ന് ആരോഗ്യവിദഗ്‌ദ്ധർ. ശ്രദ്ധക്കുറവും ഇടപെടലുകളിലെ പിൻവലിയലുമാണ് പലരിലും പൊതുവായി കാണുന്ന അവസ്ഥ.

ചോദ്യങ്ങളോട് മനപൂർവം പ്രതികരിക്കാതിരിക്കുക, ക്ലാസിനിടയിൽ മറ്റ് ഗെയിമുകളിലോ, സോഷ്യൽ മീഡിയ അക്കൗണ്ടുകളിലോ സമയം ചെലവഴിക്കുക തുടങ്ങിയവയാണ് ഇത്തരം കുട്ടികളിൽ പ്രകടമാകുന്ന കാര്യങ്ങൾ. കുട്ടികളിൽ പലർക്കും മുമ്പേ ഇത്തരം പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും, കൊവിഡ് കാലത്ത് ഇതിന്റെ തോത് വർദ്ധിച്ചതായി ആരോഗ്യരംഗത്തുള്ളവർ പറയുന്നു. അമിത വികൃതി, ദേഷ്യം, എടുത്തുചാട്ടം, ക്ഷമയില്ലായ്മ തുടങ്ങിയ സ്വഭാവങ്ങൾ പലരിലും വർദ്ധിച്ചു. ദിവസം 8 മുതൽ 10 മണിക്കൂർ വരെ തുടർച്ചയായി മൊബൈൽ ഫോൺ ഉപയോഗിക്കുന്ന കുട്ടികളുണ്ട്. രാത്രി ഏറെ വൈകിയും പലരും ഓൺലൈൻ ഗെയിമുകൾക്ക് സമയം ചെലവഴിക്കും. ഇതോടെ പകൽ നടക്കുന്ന ക്ലാസിൽ ശ്രദ്ധിക്കാൻ കഴിയാതെ ഉറക്കം തൂങ്ങും. ഇത്തരക്കാരിൽ സ്വഭാവമാറ്റവും ഉത്കണ്ഠയും വിഷാദ ലക്ഷണങ്ങളും കണ്ടുവരുന്നുണ്ട്.

...........................................

# ശ്രദ്ധിക്കാൻ

 7- 12 വയസ് കുട്ടികളിൽ ശ്രദ്ധക്കുറവ് പ്രകടം

 ആൺകുട്ടികളിൽ ലക്ഷണങ്ങൾ മൂന്നിരട്ടി കൂടുതൽ

.................................

# കൈവിടര‌ുത് ജാഗ്രത

 മൊബൈൽ ഫോൺ ഉപയോഗം പരമാവധി കുറയ്ക്കുക

 ആവശ്യമെങ്കിൽ മാനസികാരോഗ്യ വിദഗ്‌ദ്ധന്റെ സഹായം തേടണം

..............................................

ഓൺലൈൻ ക്ലാസിനു ശേഷം കുട്ടിക്ക് മൊബൈൽ ഫോൺ ആവശ്യമുണ്ടോ എന്ന് ഉറപ്പുവരുത്തണം. വിനോദത്തിനായി ഒരു മണിക്കൂറിൽ കൂടുതൽ ഫോൺ നൽകരുത്. രണ്ട് മണിക്കൂറെങ്കിലും കായിക വ്യായാമം ചെയ്യിക്കണം. രാത്രികാലങ്ങളിൽ പ്രൊജക്ടുകളും മറ്റ് പ്രവർത്തനങ്ങളും ഉണ്ടോയെന്ന് മാതാപിതാക്കൾ അദ്ധ്യാപകരോട് ചോദിച്ച് മനസിലാക്കണം

അഞ്ജു മിനേഷ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്