ഹരിപ്പാട്: നങ്ങ്യാർകുളങ്ങര-തട്ടാരമ്പലം റോഡിലെ ഗതാഗത തടസത്തിന് വിരാമമായി കരിപ്പുഴ കൊച്ചുപാലം നിർമ്മാണം അവസാന ഘട്ടത്തിൽ.
ഏറെ ഗതാഗത തിരക്കുള്ള കരിപ്പുഴ പാലം കഴിഞ്ഞ നവംബർ അവസാനമാണ് പൊളിച്ചത്. പുനർ നിർമ്മിച്ച പാലത്തിന്റെ അവസാനഘട്ട നിർമ്മാണ പ്രവർത്തനങ്ങളാണ് നിലവിൽ നടക്കുന്നത്. അപ്രേച്ച് റോഡിൽ ഇന്റർലോക് കട്ടകൾ പാകുന്ന ജോലികളാണ് പുരോഗമിക്കുന്നത്. ഇത് ഉടൻ പൂർത്തിയാകും. അതോടെ പാലം ഗതാഗതത്തിനായി തുറന്ന് കൊടുക്കുമെന്ന് അധികൃതർ പറയുന്നു.
ദുരിതത്തിന് ശമനമാകും
പാലത്തിന്റെ വശത്തെ പാടശേഖരത്തിന്റെ വശത്തെ സംരക്ഷണ ഭിത്തി ബലപ്പെടുത്തൽ, കരിപ്പുഴ വലിയപാലം മുതലുള്ള റോഡിന്റെ വശങ്ങളിൽ തറയോട് പാകൽ തുടങ്ങിയ ജോലികളും പുരോഗമിക്കുകയാണ്. ഇത് കൂടി പൂർത്തിയാകുന്നതോടെ പാലം പൂർണമായും ഗതാഗതയോഗ്യമാകും. പത്തര മീറ്റർ വീതിയിൽ 16 മീറ്റർ നീളത്തിലാണ് പുതിയ പാലം നിർമ്മിച്ചിരിക്കുന്നത്. നാല് കോടി രൂപ മുടക്കിയാണ് നിർമ്മാണം പൂർത്തീകരിച്ചത്. കരാർ പ്രകാരം ഓഗസ്റ്റ് മാസം വരെ കാലാവധി ഉണ്ടെങ്കിലും ഈ മാസം തന്നെ പാലം ഗതാഗതത്തിന് തുറന്ന് നൽകാനാണ് സാധ്യത.
പഴയ പാലം പൊളിച്ച് മാറ്റിയതോടെ യാത്രക്കാരും സമീപ വാസികളും ഏറെ ദുരിതത്തിലായിരുന്നു. ഏറെ കിലോമീറ്ററുകൾ സഞ്ചരിച്ചാൽ മാത്രമേ ഹരിപ്പാട്, മാവേലിക്കര ഭാഗങ്ങളിലേക്ക് എത്താൻ കഴിയുമായിരുന്നുള്ളു. ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോ റിക്ഷകൾക്കും കടന്നു പോകാനായി പാലത്തിന് വശത്തായി താത്കാലിക ബണ്ട് നിർമ്മിച്ചിരുന്നുവെങ്കിലും ശക്തമായ മഴയിലും കുത്തൊഴുക്കിലും ഇത് തർന്നിരുന്നു. ഇതോടെ വാഹന ഗതാഗതം പൂർണമായും നിർത്തിവച്ചിരുന്നു.
..................................................
16
പത്തര മീറ്റർ വീതിയിൽ 16 മീറ്റർ നീളത്തിലാണ് പുതിയ പാലത്തിന്റെ നിർമാണം
4
നാല് കോടി രൂപ മുടക്കിയാണ് പാലം നിർമ്മാണം പൂർത്തീകരിച്ചത്
.............................
പാലം നിർമ്മാണം നടക്കുന്നതിനാൽ നിലവിൽ ഇരുചക്ര വാഹനയാത്രക്കാർ ഉൾപ്പടെ ചെന്നിത്തല- പള്ളിപ്പാട് റോഡാണ് ഗതാഗതത്തിനായി ഉപയോഗിക്കുന്നത്. കാലവർഷം ശക്തമാകുന്നതോടെ ഈ റോഡിൽ വെള്ളം കയറി ഗതാഗത യോഗ്യമല്ലാതെയാകും. കാലവർഷം കനക്കുന്നതിന് മുമ്പ് കരിപ്പുഴ പാലം ഗഗാതഗത്തിനായി തുറന്ന് നൽകണം.
സുകുമാരൻ, പ്രദേശവാസി
നിർമ്മാണം പൂർത്തിയായ കരിപ്പുഴ പാലത്തിന്റെ ഉദ്ഘാടനം ലോക് ഡൗണിന് ശേഷം നടത്തും.
എക്സിക്യൂട്ടിവ് എൻജിനിയറുമായി സംസാരിച്ച് തീയതി ഉടൻ അറിയിക്കും.
രമേശ് ചെന്നിത്തല എം.എൽ.എ
............................