അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് പത്തിൽപ്പാലത്തിന് കിഴക്ക് സമീപവാസികളായ 30 ഓളം പേർ ചേർന്ന് 1.25 ഏക്കറിൽ നടത്തിയ കോവൽകൃഷി വെള്ളം കയറി നശിച്ചു
എം. എസ്. അജിത് പ്രസാദ് പ്രസിഡന്റും ഉദയകുമാർ സെക്രട്ടറിയുമായുള്ള ആലപ്പി ഗ്രീൻ ലീഫ് പഴം പച്ചക്കറി ഉത്പാദക സംഘം ചാരിറ്റബിൾ സൊസൈറ്റി ലക്ഷങ്ങൾ ചെലവഴിച്ച് ആറുമാസം മുമ്പാണ് കൃഷിയാരംഭിച്ചത്. കോവലിനൊപ്പം സമീപത്തെ മറ്റൊരു പുരയിടത്തിൽ പയറും കൃഷി ചെയ്യുന്നുണ്ട്. ഇടവിളയായി വെള്ളരി, മത്തൻ, ചീര എന്നിവയുമുണ്ടായിരുന്നു. ഇവയും നശിച്ചു. വിളവെടുപ്പിന്റെ ആദ്യ ഘട്ടങ്ങളിൽ 500 കിലോയിലധികം കോവൽ കിട്ടിയിരുന്നിടത്ത് ഇപ്പോൾ പരമാവധി 60 കിലോഗ്രാം മാത്രമാണ് ലഭിക്കുന്നതെന്ന് അജിത് പ്രസാദ് പറഞ്ഞു. സർക്കാരിന്റെ മാതൃകാ ജൈവ കൃഷിത്തോട്ടമായിരുന്ന ഇവിടം എച്ച്. സലാം എം.എൽ.എ സന്ദർശിച്ചു. മതിയായ നഷ്ട പരിഹാരം ലഭ്യമാക്കാൻ ആവശ്യമായ ഇടപെടൽ നടത്തുമെന്ന് എം.എൽ.എ പറഞ്ഞു.