vat

ചാരുംമൂട്: കോഴിഫാമിന്റെ മറവിൽ പ്രവർത്തിച്ച വാറ്റുകേന്ദ്രത്തിൽ എക്സൈസ് നടത്തിയ റെയ്ഡിൽ 105 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.

നൂറനാട് ആറ്റുവമുറിയിൽ മൂശാരി മുക്കിന് സമീപം നൂറനാട് എക്സൈസ് സംഘം നടത്തിയ റെയ്ഡിലാണ് ഫാമിനോട് ചേർന്ന് ഓഫീസ് റൂമിൽ സൂക്ഷിച്ചിരുന്ന വാറ്റുപകരണങ്ങളും കന്നാസും കോഴിവേസ്റ്റ് നിക്ഷേപിച്ചിരുന്നതിന് അടിവശത്തായി കുഴിച്ചിട്ട നിലയിൽ മൂന്ന് കന്നാസുകളിലായി സൂക്ഷിച്ചിരുന്ന 105 ലിറ്റർ കോടയും പിടിച്ചെടുത്തത്. കോഴിഫാം നടത്തുന്ന ആറ്റുവ മുറിയിൽ സുരേഷ് ഭവനത്തിൽ സുമേഷിനെതിരെ കേസെടുത്തു. ആറിനോട് ചേർന്നുള്ള ഫാമിൽ വാറ്റ് നടക്കുന്നതായി എക്സൈസ് ഇൻസ്‌പെക്ടർ എസ്. ഗിരീഷ് കുമാറിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രിവന്റീവ് ഓഫീസർ സി. സുനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ രാജീവ്,വിഷ്ണുദാസ്, രഞ്ജിത്ത്, എക്സൈസ് ഡ്രൈവർ സന്ദീപ് കുമാർ എന്നിവർ ഉൾപ്പെട്ട സംഘമാണ് റെയ്ഡ് നടത്തിയത്.