കായംകുളം: അത്യാവശ്യകാര്യങ്ങളുടെ മറവിൽ കൂടുതൽ അജണ്ടകൾ ഉൾക്കൊള്ളിച്ചുവെന്ന ആരോപണം ഉയർന്നതിനെത്തുടർന്ന് കായംകുളം നഗരസഭയിലെ ഓൺലൈൻ കൗൺസിൽ യോഗം വീണ്ടും വിവാദത്തിൽ. പ്രതിപക്ഷമായ യു.ഡി.എഫ് യോഗം ബഹിഷ്കരിച്ചപ്പോൾ അഴിമതിയും ഇടതുപക്ഷ നിയമനങ്ങളും ആരോപിച്ച് ബി.ജെ.പി യോഗം ബഹിഷ്കരിച്ച് നഗരസഭ ഉപരോധിച്ചു.
കൊവിഡ് പ്രമാണിച്ച് ഓൺലൈനായി അത്യാവശ്യ കാര്യങ്ങൾക്ക് യോഗം കൂടാനാണ് സർക്കാർ നിർദ്ദേശം. എന്നാൽ ഇതിന്റെ മറവിൽ 16 അജണ്ടകൾ വച്ചാണ് ഇന്ന് യോഗം നടന്നതെന്നാണ് ആരോപണം. കഴിഞ്ഞ ഓൺലൈൻ കൗൺസിൽ യോഗത്തിൽ 24 അജണ്ടകൾ ഉണ്ടായിരുന്നു. ഇതിൽ 70 ശതമാനം അജണ്ടകൾ മുൻകൂർ അനുമതി നൽകിയവയാണ്. ഭരണപരമായ അവശ്യ കാര്യങ്ങൾക്ക് മുൻകൂർ അനുമതി നൽകാൻ ആക്ടിൽ വ്യവസ്ഥ ഉണ്ടെന്നതിന്റെ മറവിലാണ് മുൻകൂർ അനുമതി നൽകുന്നത്. ഇത് സാധൂകരിക്കാൻ അടുത്ത കൗൺസിൽ യോഗത്തിൽ വയ്ക്കണം എന്നാണ് വ്യവസ്ഥ. ഇത് പാലിക്കപ്പെടാതെ പുതിയ അജണ്ടകൾ വച്ചതിനാലാണ് യു.ഡി.എഫ് ബഹിഷ്കരിച്ചത്.
ഓൺലൈൻ കൗൺസിലിന്റെ മറവിൽ ഇടതുപക്ഷ നിയമനങ്ങളും അഴിമതിയുമാണ് നടക്കുന്നതെന്ന് ആരോപിച്ചാണ് ബി.ജെ.പി യോഗം ബഹിഷ്കരിച്ച് നഗരസഭ ഉപരോധിച്ചത്. കൗൺസിൽ തീരുമാനങ്ങളെക്കുറിച്ച് വിജിലൻസ് അന്വേഷിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
ഉപരോധസമരം പാർലിമെന്ററി പാർട്ടി ലീഡർ ഡി.അശ്വിനി ദേവ് ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ ലേഖ മുരളീധരൻ ,രാജശ്രീ കമ്മത്ത് എന്നിവർ സംസാരിച്ചു.