ആലപ്പുഴ: 70 ലക്ഷം കുടുംബങ്ങളിൽ പച്ചക്കറി ഉത്പാദനമാണ് ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതി പ്രകാരം ലക്ഷ്യം വയ്ക്കുന്നതെന്ന് കൃഷി മന്ത്രി പി.പ്രസാദ് പറഞ്ഞു. പദ്ധതിയുടെ ചേർത്തല നിയോജക മണ്ഡലം തല ഉദ്ഘാടനം വയലാർ കൃഷിഭവനിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ എല്ലാ വീടുകളിലും പച്ചക്കറി ഉത്പാദനം നടക്കുമെന്നും ജില്ലയിൽ നാല് ലക്ഷം പച്ചക്കറി വിത്തുകളും 15ലക്ഷം പച്ചക്കറി തൈകളും വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
ഐ.സി.എം.ആറിന്റെ പഠനപ്രകാരം നമ്മുടെ ഭക്ഷണ ക്രമത്തിൽ പച്ചക്കറിയുടെ അളവ് വർദ്ധിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. പച്ചക്കറി വിത്ത് വിതരണം, പച്ചക്കറി തൈ വിതരണം, പോർട്ട് ട്രേയിൽ പച്ചക്കറി വിത്ത് നടീൽ, കൃഷിയിടത്തിൽ പച്ചക്കറി തൈ നടൽ എന്നിവയും മന്ത്രി നിർവഹിച്ചു. വയലാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത ഷാജി അദ്ധ്യക്ഷത വഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ ബിൻസി എബ്രഹാം, ജില്ല പഞ്ചായത്ത് അംഗം എൻ.എസ്.ശിവപ്രസാദ്, എസ്.വി.ബാബു, ഇന്ദിര ജനാർദ്ദനൻ, യു.ജി.ഉണ്ണി, ബീന തങ്കരാജ്, കൃഷി അസിസ്റ്റൻറ് ഡയറക്ടർ റെയ്ച്ചൽ സോഫിയ എന്നിവർ സംസാരിച്ചു.