ലോക്ക്ഡൗൺ ഇളവ് ഇന്നുമുതൽ
ആലപ്പുഴ: കൊവിഡ് വ്യാപനത്തെ പിടിച്ചുകെട്ടാൻ ഏർപ്പെടുത്തിയ പൂട്ട് ഇന്നു മുതൽ അഴിഞ്ഞു തുടങ്ങവേ, പതിയെ പഴയ ജീവിതത്തിലേക്ക് മടങ്ങി വരാനുള്ള തയ്യാറെടുപ്പിലാണ് സകല മേഖലകളിലുമുള്ളവർ. രോഗ ശരാശരിയിൽ ഗണ്യമായ കുറവ് പതിവായാൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ അധികം വൈകാതെ അലിഞ്ഞില്ലാതാവുമെന്ന പ്രതീക്ഷയിലാണ് ജനം.
എന്നാൽ ഒറ്റയടിക്ക് എല്ലാ മേഖലകളിലും പൂട്ടഴിച്ചാൽ, താഴ്ന്നുതുടങ്ങിയ രോഗ ശരാശരി പൊടുന്നനെ കുതിച്ചു ചാടുമോയെന്ന ആശങ്കയുമുണ്ട്. അതിനാൽ കർശന നിയന്ത്രണങ്ങളോടെ തന്നെയാവും ഇളവുകൾ പ്രാബല്യത്തിൽ വരുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ പേരിനെങ്കിലും വരുമാനം ലഭിച്ചിരുന്നത് ഭക്ഷണശാലകൾക്കും മരുന്നു വ്യാപാര കേന്ദ്രങ്ങൾക്കും മാത്രമാണ്. ജില്ലയിൽ മാത്രം പതിനായിരക്കണക്കിന് ആളുകളാണ് വരുമാനം പൂർണമായി നഷ്ടപ്പെട്ട് വലയുന്നത്. വരുമാനത്തിൽ ഇടിവുണ്ടായെങ്കിലും ബാങ്ക് വായ്പകളിലും മറ്റും മൊറട്ടോറിയം ഏർപ്പെടുത്താത്തതിനാൽ തിരിച്ചടവെന്ന വലിയ ഭീഷണിയാണ് ഇനി ഉപഭോക്താക്കൾ നേരിടാനിരിക്കുന്നത്. കഴിഞ്ഞ വർഷം ആദ്യമായി ലോക്ക്ഡൗൺ തുടങ്ങിയപ്പോൾ സർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ചത് വലിയ ആശ്വാസമായിരുന്നു. അന്ന് അടയ്ക്കാതിരുന്ന തുകയ്ക്ക് വേണ്ടി ബാങ്ക് അധികൃതർ സ്ഥിരമായി വിളിച്ചുകൊണ്ടിരിക്കുകയാണെന്ന് ഉപഭോക്താക്കൾ പറയുന്നു.
ആഴ്ചകൾക്ക് ശേഷം കഴിഞ്ഞ വെള്ളിയാഴ്ച മാത്രമായിരുന്നു വ്യാപാര സ്ഥാപനങ്ങൾക്ക് പൂട്ടുകളൊഴിഞ്ഞ പ്രവർത്തനാനുമതി ലഭിച്ചത്. ഒറ്റ ദിവസത്തെ ഇളവ് മുതലാക്കാൻ ജനം പുറത്തിറങ്ങിയെങ്കിലും ചെറുകിട വ്യാപാര സ്ഥാപനങ്ങളിൽ കാര്യമായ കച്ചവടം നടന്നില്ല. പലരും കടകൾ പൊടിതുടച്ച് വൃത്തിയാക്കാനാണ് ആ ദിവസം ഉപയോഗിച്ചത്. ഇളവുകൾ വന്നു തുടങ്ങിയാൽ ചുരുക്കം ജീവനക്കാരെ ഉപയോഗിച്ച് വീണ്ടും പഴയ നിലയിൽ എത്താമെന്ന കണക്കുകൂട്ടലിലാണ് വ്യാപാരികൾ.
ആളൊഴുകും
ബിവറേജസ് ഷോപ്പുകളും ബാറുകളും ഇന്നുതുമുതൽ പ്രവർത്തിച്ചു തുടങ്ങുമെന്ന പ്രഖ്യാപനത്തിൽ ആവേശത്തിലാണ് ഉപഭോക്താക്കൾ. രാവിലെ 9 മുതൽ രാത്രി 7 വരെ മദ്യ വിതരണമുണ്ടാവും. ബെവ് ക്യു ആപ്പ് വഴിയാവും പ്രവർത്തനമെന്ന് ആദ്യം അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും നേരിട്ട് വാങ്ങാമെന്ന് ഇന്നലെ സർക്കാർ അറിയിച്ചതോടെ പൊല്ലാപ്പ് ഒഴിഞ്ഞ ആശ്വാസത്തിലാണ് ആളുകൾ. കള്ളു ഷാപ്പുകളിലും പാഴ്സൽ തുടരും.
ഓർക്കാൻ വിഷമം
ദിവസവേതന തൊഴിലാളികൾ മുതൽ മാസ വേതനക്കാർക്ക് വരെ വരുമാനം നഷ്ടമായ കാലയളവാണ് കടന്നുപോയത്. റേഷൻ കടകളിൽ നിന്നുള്ള കിറ്റ് ലഭിക്കാൻ കാലതാമസം നേരിട്ടതും ചില കുടുംബങ്ങൾക്ക് വേദനയായി. ഓട്ടോറിക്ഷാ ഡ്രൈവർമാർ, സെയിൽസ്മാൻമാർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിങ്ങനെ ഭൂരിഭാഗം മേഖലകളിലുള്ളവരും ബുദ്ധിമുട്ടിന്റെ പാരമ്യതയിലായിരുന്നു.
നിയന്ത്രിച്ചു, ശീലങ്ങൾ
അനാവശ്യ ശീലങ്ങളെ പരിധി പുറത്ത് കടത്താൻ പഠിപ്പിച്ച കാലം കൂടിയാണ് ലോക്ക് ഡൗണിന്റേത്. മദ്യപാനവും പുകവലിയും മുതൽ അനാവത്ത് ചെലവുകൾ വരെ വരച്ചവരയിൽ നിറുത്താൻ പലരും പഠിച്ചു. ശീലങ്ങളിൽ മാറ്റം വരുത്താതിരുന്നാൽ പോക്കറ്റ് കാലിയാകാതെ കാത്തുസൂക്ഷിക്കാനാവും.
................................
ഓട്ടം പോയിട്ട് ഒരു മാസം പിന്നിടുന്നു. വാഹനം കേടാവാതിരിക്കാൻ ഇടയ്ക്ക് സ്റ്റാർട്ട് ചെയ്തിടും. ലോക്ക് ഡൗൺ മാറി എത്രയും വേഗം പഴയ ജീവിതത്തിലേക്ക് തിരിച്ചെത്തിയാലേ വീട്ടിലെ അന്നും മുടങ്ങാതിരിക്കൂ
അനീഷ്, ഓട്ടോറിക്ഷാ ഡ്രൈവർ