ആലപ്പുഴ: ലോക്ക്ഡൗൺ കാലാവധിക്ക് ശേഷം കൊവിഡ് മാനദണ്ഡം പാലിച്ച് കടകൾ തുറക്കാൻ അനുവദിച്ചില്ലങ്കിൽ നിയമം ലംഘിച്ച് കടകൾ തുറക്കുമെന്നും ആയിരക്കണക്കിന് വ്യാപാരികളെ അറസ്റ്റ് ചെയ്യേണ്ടിവരുമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര പറഞ്ഞു. ചെറുകിട വ്യാപാരികളുടെ കുടുംബം അർദ്ധ പട്ടിണിയിലാണ്. നിത്യവൃത്തിക്കും ഉപജീവനത്തിനും മറ്റ് മാർഗ്ഗങ്ങളില്ല. ഇനിയും കടയടച്ച് വീട്ടിലിരിക്കണമെങ്കിൽ പാവപ്പെട്ട ചെറുകിട വ്യാപാരികൾക്ക് ദിവസം ചുരുങ്ങിയത് 500 രൂപ വീതം നൽകണം. അല്ലാതെയുള്ള അടച്ച് പൂട്ടൽ അനുവദിക്കാൻ കഴിയില്ല. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്നലെ നടന്ന സമ്പൂർണ്ണ കടയപ്പിന്റെ ഉദ്ഘാടനം ആലപ്പുഴ ക്വിറ്റ് ഇന്ത്യ സ്മാരക സ്തൂപത്തിന് മുമ്പിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ജനറൽ സെകട്ടറി വി.സബിൽരാജ്, ട്രഷറർ ജേക്കബ് ജോൺ, ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ്.മുഹമ്മദ്, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് സുനീർ ഇസ്മയിൽ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടോമി പുലിക്കാട്ടിൽ എന്നിവർ സംസാരിച്ചു.