മാവേലിക്കര: ചെട്ടികുളങ്ങര കേന്ദ്രീകരിച്ച് അഞ്ചുവർഷമായി പ്രവർത്തിക്കുന്ന ജനനി ചാരിറ്റബിൽ സൊസൈറ്റി ഓണാട്ടുകരയ്ക്ക് ആശ്വാസമാകുന്നു.

മാരക രോഗത്തിന് അടിമപ്പെട്ട നിരവധി ജീവിതങ്ങൾക്ക് ജനനിയുടെ കൈത്താങ്ങ് കരുത്തായിട്ടുണ്ട്. കിടപ്പു രോഗികളുടെ കുടുംബങ്ങൾക്ക് മുടങ്ങാതെ അക്ഷയപാത്രം എന്നപേരിൽ എല്ലാമാസവും ഭക്ഷ്യധാന്യ കിറ്റുകൾ വീടുകളിൽ എത്തിച്ചു നൽകുന്നതാണ് പ്രധാന പ്രവർത്തനം. വിദ്യാനിധി എന്ന പേരിൽ ബിരുദം വരെയുള്ള കുട്ടികളെ ജനനിയുടെ സഹായത്തിൽ പഠിപ്പിക്കുന്നുണ്ട്. മാവേലിക്കര ജില്ലാ ആശുപത്രിയിൽ എല്ലാ ഞായറാഴ്ചയും രോഗികൾക്കുള്ള പ്രഭാതഭക്ഷണ വിതരണവും കിടപ്പ് രോഗികളെ സൗജന്യമായി പരിചരിക്കുന്ന പരിത്രാണം എന്ന പദ്ധതിയും ആരോഗ്യമേഖലയിലെ പ്രധാന സേവനങ്ങളാണ്. സുകൃതം എന്ന പേരിൽ തുടങ്ങിയ പെൻഷൻ പദ്ധതിയും നിരവധി പാവപ്പെട്ടവർക്ക് സഹായകമായിട്ടുണ്ട്. കൊവിഡിനെത്തുടർന്ന് വാഹനം കിട്ടാതെ വിഷമിക്കുന്ന രോഗികൾക്കായി ജനനി സൗജന്യ വാഹന സർവ്വീസ് നടത്തുന്നുണ്ട്. ഓൺലൈൻ പഠനത്തിനാവിശ്യമായ ടി.വി, മൊബൈൽഫോൺ എന്നിവ നിരവധി കുട്ടികൾക്ക് നൽകി. വിഹായിതം എന്ന പേരിൽ രക്തദാന ഗ്രൂപ്പും മാധവം എന്ന പേരിൽ നടത്തുന്ന ലൈബ്രററിയും ജ്യോതിർഗമയ എന്ന പേരിൽ കുട്ടികൾക്കായി നടത്തുന്ന വ്യക്തിത്വ വികസന ക്ലാസും ഏറെ ശ്രദ്ധേയമാണ്.