ആലപ്പുഴ: ജില്ലയിൽ 51 ഗ്രാമപഞ്ചായത്തുകളിലായി 6,140 കന്നുകാലികൾക്ക് കുളമ്പുരോഗത്തിനെതിരായ കുത്തിവയ്പ് നൽകിയതായി ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.എ.ജി. ജിയോ പറഞ്ഞു. രോഗം റിപ്പോർട്ട് ചെയ്തിട്ടുള്ള ഗ്രാമപഞ്ചായത്തുകളിലും സമീപത്തെ 13 പഞ്ചായത്തുകളിലുമാണ് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ റിംഗ് വാക്‌സിനേഷൻ നടത്തിയത്.
140 സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കൊവിഡ് ബാധിതരായ ക്ഷീരകർഷകരുടെ വീടുകളിൽ ഡോക്ടർമാരും ജീവനക്കാരും പി.പി.ഇ കിറ്റ് ധരിച്ചെത്തി പ്രതിരോധ കുത്തിവയ്പും ചികിത്സയും നടത്തുന്നുണ്ട്. രോഗം കൂടുതലായുള്ള അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിൽ ചികിത്സയ്ക്കായി ഡോക്ടർമാരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചു. തകഴി, തലവടി എന്നിവിടങ്ങളിൽ മൊബൈൽ സംഘത്തേയും നിയോഗിച്ചിട്ടുണ്ട്. കുളമ്പുരോഗം ബാധിച്ച പഞ്ചായത്തുകളിലെല്ലാം മരുന്നുകളും അണുനാശിനികളും മൃഗസംരക്ഷണ വകുപ്പിൽ നിന്നു ലഭ്യമാക്കി. പഞ്ചായത്തുകളിലെല്ലാം 5000 രൂപയ്ക്കുളള മരുന്നുകൾ കൂടി വാങ്ങാനും അനുമതി നൽകിയിട്ടുണ്ട്. രാത്രികാല അടിയന്തര വെറ്ററിനറി സേവനത്തിനായി കുളമ്പുരോഗം കൂടുതലായിട്ടുള്ള ചെങ്ങന്നൂർ, അമ്പലപ്പുഴ, വെളിയനാട് ബ്ലോക്കുകളിൽ മൂന്നു ഡോക്ടർമാരെ നിയമിച്ചു.
ജില്ലയിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെയും കുളമ്പുരോഗ ബാധിത മേഖലകളിലെയും ക്ഷീര കർഷകർക്കായി വകുപ്പിൽ നിന്നു 8,09,680 രൂപയുടെ കാലിത്തീറ്റ വിതരണം ചെയ്തു. ജില്ലയിൽ കുളമ്പു രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഏപ്രിൽ 22ന് തന്നെ വാക്‌സിനേഷൻ ആരംഭിച്ചിരുന്നുവെന്നും ജില്ല മൃഗസംരക്ഷണ വകുപ്പ് ഓഫീസർ അറിയിച്ചു. ജില്ലയിലെ കൺട്രോൾ റൂം നമ്പർ: 0477 2252636.