t

ആലപ്പുഴ: നിരന്തരമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഉരുകവേ, ട്രോളിംഗ് നിരോധനം കൂടി നിലവിൽ വന്നതോടെ പിടിച്ചുനിൽക്കാവാത്ത അവസ്ഥയിലാണ് ഐസ് പ്ലാന്റുകൾ. ന്യൂനമർദ്ദവും, കാലവർഷവും മൂലം തുട‌ർച്ചയായി മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തുന്നതും ഐസ് നിർമ്മാണ മേഖലയ്ക്ക് വെല്ലുവിളിയാണ്.

ജില്ലയിൽ ചെറുതും വലുതുമായ 2500 ഓളം ഐസ് പ്ലാന്റുകളുണ്ട്. കടലിൽ പോക്ക് നിലച്ചതോടെ പല പ്ലാന്റുകളുടെയും പ്രവ‌ർത്തനം താത്കാലികമായി നിറുത്തിവച്ചിരിക്കുകയാണ്. ട്രോളിംഗ് നിരോധനം അവസാനിക്കുന്ന സമയത്തെങ്കിലും ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഒഴിവായാൽ പ്രാന്റുകളുടെ പ്രവർത്തനം പുനരാരംഭിക്കാമെന്നാണ് സംരംഭകരുടെ കണക്കുകൂട്ടൽ. വാടക കെട്ടിടങ്ങളിൽ പ്രവർത്തിച്ചിരുന്ന പ്ലാന്റുകൾ നഷ്ടം നിമിത്തം പൂട്ടിക്കെട്ടി. സ്വന്തം കെട്ടിടത്തിൽ പ്ളാന്റുള്ളവർക്കു മാത്രമേ നിലവിൽ പിടിച്ചുനിൽക്കാൻ കഴിയുന്നുള്ളൂ. പ്രതിദിനം 300 ബ്ലോക്ക് ഐസ് വില്പന നടന്നിരുന്ന പ്ലാന്റുകളിൽ ഇന്ന് പരമാവധി 50 ബ്ലോക്കാണ് ഉത്പാദിപ്പിക്കുന്നത്.

...................................

₹ 2 ലക്ഷം: പൂർണ്ണതോതിൽ പ്രവർത്തിക്കുന്ന പ്ളാന്റിൽ പ്രതിമാസ വൈദ്യുതി ബില്ല്

₹ 30,000: ഏറ്റവും കുറഞ്ഞ പ്രതിമാസ വൈദ്യുതി ബില്ല്

....................................

# കടലാണ് ആശ്രയം

പൂർണമായും മത്സ്യമേഖലയെ ആശ്രയിച്ചുള്ള വ്യവസായമാണിത്. ഫിൽറ്റർ ചെയ്യാത്ത കുഴൽക്കിണർ വെള്ളത്തിൽ ഉത്പാദിപ്പിക്കുന്നതിനാൽ മറ്റ് ആവശ്യങ്ങൾക്ക് ഈ ഐസ് ഉപയോഗിക്കാനാവില്ല. വിവാഹ പാർട്ടികൾ ഓർഡർ നൽകിയാൽ ഫിൽറ്റർ വെള്ളം വാങ്ങിയാണ് ഐസ് നിർമ്മിക്കുന്നത്.

# തലപെരുക്കുന്ന ചെലവ്

നിർമ്മാണത്തിന് ആവശ്യമായ അമോണിയ, ഉപ്പ് എന്നിവയുടെ വില കൂടിയതും പ്രതിസന്ധിയാണ്. ഒരു ബ്ലോക്കിന് എട്ട് രൂപയാണ് തൊഴിലാളികളുടെ കൂലി. വർഷാവർഷമുള്ള അറ്റകുറ്റപ്പണി, നികുതി ഇനങ്ങളിൽ വലിയ തുക ചെലവാകും. ഐസിന് ആവശ്യക്കാരില്ലാതെ വന്നതോടെ ഉത്പാദന തോത് കുറച്ചാണ് വ്യവസായികൾ പിടിച്ചു നിൽക്കുന്നത്.

..................

 ഒരു പ്ലാന്റിൽ ചുരുങ്ങിയത് 3 തൊഴിലാളികൾ

 താങ്ങാനാവാത്ത വൈദ്യുതി ബില്ല്

 300 ബ്ലോക്ക് വിറ്റിരുന്നിടത്ത് നിലവിൽ വിൽക്കുന്നത് 50 ബ്ലോക്ക്

 ഒരു പ്ലാന്റ് നിർമ്മിക്കാൻ ഒരു കോടിയിലധികം ചെലവ്

 ഒരു ബ്ലോക്ക് ഐസിന് 60 രൂപ

.....................

കൊവിഡ് വന്നതോടെ വ്യവസായം വളരെ മോശമാണ്. ട്രോളിംഗ് നിരോധനം മൂലം പല പ്ലാന്റുകളും പൂട്ടി. വായ്പ തിരിച്ചടവ് അടക്കം മുടങ്ങുകയാണ്. പ്ലാന്റിന്റെ പ്രവർത്തനം മുടങ്ങിയാലും തൊഴിലാളികൾക്കുള്ള വേതനം മുടക്കാറില്ല

ഷെമീർ, കളത്തിൽ പറമ്പിൽ ഐസ് പ്ലാന്റ്, ആലപ്പുഴ