ആലപ്പുഴ: വിശ്രമത്തിനും വ്യായാമത്തിനും വേണ്ടി ആലപ്പുഴ ബീച്ചിൽ ഒരുങ്ങുന്ന പാർക്കും ഓപ്പൺ ജിംനേഷ്യവും വൈകാതെ പൊതുജനങ്ങൾക്കായി തുറക്കും. പാർക്കിന്റെയും ജിംനേഷ്യത്തിന്റെയും അവസാനവട്ട മിനുക്കുപണികൾ നടക്കുകയാണ്.
ലോക്ക് ഡൗൺ നിയന്ത്രണങ്ങളിലെ ഇളവിൽ വ്യക്തത വന്ന ശേഷമാകും ഉദ്ഘാടന തീയതി പ്രഖ്യാപിക്കുക. പാർക്കിന്റെയും ജിംനേഷ്യത്തിന്റെയും നടത്തിപ്പ് എങ്ങനെ വേണമെന്ന കാര്യത്തിൽ അന്തിമതീരുമാനമായിട്ടില്ലെന്ന് നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ വ്യക്തമാക്കി. ഫീസ് ഈടാക്കിയുള്ള പ്രവേശനം വേണോ, കരാറുകാരെ ഏർപ്പിക്കണോ എന്ന് നഗരസഭാ യോഗത്തിന് ശേഷം മാത്രമേ തീരുമാനമാകൂ. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്കും ഹോമിയോ ആശുപത്രിക്കുമിടയിൽ അയ്യപ്പൻപൊഴിക്കു സമീപം ഒരേക്കറിലാണു ഓപ്പൺ ജിംനേഷ്യവും പാർക്കും വരുന്നത്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 48 ലക്ഷത്തിന്റേതാണ് പദ്ധതി. നഗരസഭയുടെ ശതാബ്ദി സ്മാരക നിർമ്മാണത്തിന്റെ ഭാഗമായി കഴിഞ്ഞ ഭരണസമിതിയാണ് പദ്ധതി വിഭാവനം ചെയ്തത്.
വ്യായാമത്തിനും വിശ്രമത്തിനും പ്രത്യേക സംവിധാനം
സവാരിക്ക് 500 മീറ്റർ നടപ്പാത
ഇരിപ്പിടങ്ങൾ സ്ഥാപിക്കും
ഉപകരണങ്ങളുടെ സംരക്ഷണത്തിന് സംവിധാനമൊരുക്കും
.......................................
പാർക്കിന്റെയും ഓപ്പൺ ജിംനേഷ്യത്തിന്റെയും നടത്തിപ്പ് എങ്ങനെയാവണം എന്ന് അന്തിമ തീരുമാനമായിട്ടില്ല. ഉപകരണങ്ങളുടെ സംരക്ഷണം അടക്കം ഉറപ്പുവരുത്തേണ്ടതുണ്ട്. ലോക്ക് ഡൗൺ ഇളവുകൾ വരുന്നതോടെ വൈകാതെ ഉദ്ഘാടനം നടത്തും
പി.എസ്.എം. ഹുസൈൻ, നഗരസഭ വൈസ് ചെയർമാൻ