ചേർത്തല: വെള്ളപ്പൊക്കം വരുമ്പോൾ ക്ഷീരകർഷകരുടെ പശുക്കളെ മാറ്റി പാർപ്പിക്കാനുള്ള കേന്ദ്രം മങ്കൊമ്പിൽ ഒരു വർഷത്തിനിടെ പൂർത്തിയാകുമെന്നും 2 കോടി ചെലവിൽ സംസ്ഥാന സർക്കാർ നിർമ്മിക്കുന്ന കേന്ദ്രത്തിൽ 100 പശുക്കളെ പാർപ്പിക്കാനാകുമെന്നും മന്ത്റി ജെ. ചിഞ്ചുറാണി പറഞ്ഞു. ജില്ലാപഞ്ചായത്തിന്റെ കൊവിഡ് കാല ക്ഷീരസംരക്ഷണ പദ്ധതി 'ദയ' ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്റി.
ചമ്പക്കുളത്ത് 3.20 കോടി ചെലവിൽ 4 നിലയുള്ള ഷെഡ് നിർമ്മിക്കും. സംസ്ഥാനം പാൽ ഉത്പ്പാദനത്തിൽ മുൻപന്തിയിലാണ്. കർഷകരിൽ അധികം വരുന്ന പാൽ പാൽപ്പൊടിയാക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. പക്ഷിപ്പനി തടയാൻ ശക്തമായ നടപടികൾ സർക്കാർ സ്വീകരിക്കും. സംസ്ഥാനത്ത് സ്ത്രീകളാണ് ക്ഷീരമേഖലയിൽ കൂടുതലായി പണിയെടുക്കുന്നത്. ആവശ്യമായ സബ്‌സിഡികൾ നൽകി മേഖലയിലെ സ്ത്രീകളെ ശക്തിപ്പെടുത്തുമെന്നും മന്ത്റി പറഞ്ഞു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അദ്ധ്യക്ഷത വഹിച്ചു. കർഷകർക്കുള്ള സാമ്പത്തിക സഹായ വിതരണം മന്ത്റി പി. പ്രസാദ് നിർവഹിച്ചു. സൗജന്യ കാലിത്തീറ്റ വിതരണം എ.എം. ആരിഫ് എം.പി നിർവഹിച്ചു. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ, ജില്ലാ ക്ഷീരവികസന ഓഫീസർ എ. അനുപമ, എം. ശോഭ, എം.വി. പ്രിയ, ടി.എസ്. താഹ, വത്സല മോഹൻ, കെ. മഞ്ജു, പി. സിനിമോൾ എന്നിവർ സംസാരിച്ചു