മുതുകുളം: മേൽക്കൂര തകർന്നു വീണ വീട്ടിൽ നിന്ന് പഞ്ചായത്തംഗവും സഹോദരനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കണ്ടല്ലൂർ പഞ്ചായത്ത് പത്താം വാർഡ് അംഗം കണ്ടല്ലൂർ തെക്ക് കൂടുംവാതുക്കൽ വടക്കതിൽ സി. സുജിയുടെ വീടിന്റെ മേൽക്കൂരയാണ് ചൊവ്വാഴ്ച്ച പുലർച്ചെ കാറ്റിൽ തകർന്നുവീണത്.
കല്ലുകെട്ടി ഓട് പാകിയ പുരയുടെ അടുക്കള ഭാഗം പൂർണമായും തകർന്നു. വലിയ ശബ്ദം കേട്ട് വീട്ടിൽ നിന്ന് ഇറങ്ങി ഓടിയതിനാലാണ് രക്ഷപ്പെട്ടതെന്ന് സുജിയും സഹോദരൻ സുനിലും പറഞ്ഞു. 86 വർഷത്തിലധികം പഴക്കമുണ്ട് വീടിന്. 2010-15 കാലയളവിൽ പുതിയ വീടിനുള്ള ഗുണഭോക്താക്കളുടെ പട്ടികയിൽ സുജി ഉൾപ്പെട്ടിരുന്നെങ്കിലും പുതിയ ഭരണസമിതി വന്നപ്പോൾ, കോൺഗ്രസ് പ്രവർത്തകയായ താൻ തഴയപ്പെ ടുകയായിരുന്നുവെന്ന് ഇവർ പറയുന്നു. സുജിയുടെ സഹോദരി അജിത ഭാസ്‌കരൻ 2000-2005 ൽ കണ്ടല്ലൂർ പഞ്ചായത്ത് അംഗമായിരുന്നു. ഇപ്പോൾ യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിൽ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായ സുജി സാക്ഷരതാ മിഷൻ പ്രേരക് കൂടിയാണ്. വീട് തകർന്നതോടെ സുജിയും സുനിലും കഴിഞ്ഞ ദിവസം വാടക വീട്ടിലേക്ക് താമസം മാറ്റി. അവിവാഹിതയാണ് സുജി. ഇവരുടെ മാതാപിതാക്കൾ വർഷങ്ങൾക്ക് മുമ്പ് മരണമടഞ്ഞിരുന്നു. കണ്ടല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് തയ്യിൽ പ്രസന്നകുമാരി, വൈസ് പ്രസിഡന്റ് സുരേഷ് രാമനാമഠം എന്നിവർ വീട് സന്ദർശിച്ചു.